ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് റിമാൻഡില്‍; ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും

യുവനടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു.നിലവില്‍ എറണാകുളം സബ് ജയിലില്‍ കഴിയുന്ന അദ്ദേഹത്തെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും. പോലീസിന്റെ കസ്റ്റഡി അപേക്ഷയും രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും ശനിയാഴ്ച കോടതി പരിഗണിക്കും.ഒളിയിടത്തിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴ മുട്ടത്ത് വെച്ചാണ് ഇന്നലെ രാത്രി പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് രാത്രി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഇന്ന് രാവിലെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ ശേഷമാണ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്.ഈ വർഷം ജനുവരിയില്‍ ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച്‌ കാരവനുള്ളില്‍ വെച്ച്‌ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് യുവനടിയുടെ പരാതി. കടുത്ത മാനസികാഘാതത്തിലായിരുന്ന നടി കഴിഞ്ഞ ആഴ്ചയാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്. ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന മറ്റ് ചലച്ചിത്ര പ്രവർത്തകരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.അറസ്റ്റിന് പിന്നാലെ രഞ്ജിത്തിനെ ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയില്‍ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. നേരത്തെ ബംഗാളി നടി നല്‍കിയ പരാതിക്ക് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു ലൈംഗികാതിക്രമ കേസില്‍ കൂടി സംവിധായകൻ നടപടി നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *