ബെംഗളൂരു: ബെംഗളൂരു ദുരന്തരത്തില്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും ഗുരുതര ആരോപണങ്ങളുമായി ആര്‍സിബിയും സംഘാടകരായ ഡിഎന്‍എയും കര്‍ണാടക ഹൈക്കോടതിയില്‍. ഗേറ്റുകള്‍ തുറക്കാന്‍ പൊലീസ് വൈകിയതാണ് അപകടം ഉണ്ടാക്കിയതെന്ന് ആര്‍സിബി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. സ്‌റ്റേഡിയത്തിന്റെ ഗേറ്റുകള്‍ 1.45ന് തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് തുറന്നപ്പോള്‍ വൈകി. ഗേറ്റുകള്‍ കൃത്യസമയത്ത് തുറന്നിരുന്നെല്ലെങ്കില്‍ ഇത്തരത്തില്‍ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും ആര്‍സിബി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും ആര്‍സിബി വാദിക്കുന്നു.
സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ ഡിഎന്‍എയും രംഗത്തെത്തി. ചിന്നസ്വാമി സ്റ്റേഡിയത്തിന് പരിസരത്ത് സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് പകരം സിറ്റി പൊലീസ് കമ്മീഷണര്‍ വിധാന്‍ സൗധയിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതെന്ന് ഡിഎന്‍എ ആരോപിച്ചു. സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും മതിയായ പൊലീസുകാരെ നിയോഗിച്ചില്ലെന്നും ഡിഎന്‍എ ചൂണ്ടിക്കാട്ടുന്നു. വിധാന്‍ സൗധയ്ക്ക് സമീപത്തായിട്ടാണ് പൊലീസും സുരക്ഷാ സേനയും ഉണ്ടായിരുന്നത്. ഇതോടെ സ്‌റ്റേഡിയത്തിലെ സുരക്ഷ പാളി. ഇതിലും വലിയ ജനക്കൂട്ടത്തെയായിരുന്നു ട്വന്റി 20 കിരീടം ഇന്ത്യ നേടിയപ്പോള്‍ വാങ്കഡെ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച വിജയാഘോഷത്തില്‍ മുംബൈ പൊലീസ് കൈകാര്യം ചെയ്തതെന്നും ഡിഎന്‍എ ചൂണ്ടിക്കാട്ടി. തുറന്ന ബസില്‍ പരേഡ് നടത്താന്‍ അനുമതി തേടി ജൂണ്‍ മൂന്നിന് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ ആവശ്യം പൊലീസ് നിരസിച്ചു. ഇതിന് പകരമായി വിധാന്‍ സൗധയ്ക്ക് മുന്നില്‍ വിജയാഘോഷം നടത്താനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്നും സംഘാടകര്‍ ചൂണ്ടിക്കാട്ടി.