ഷോപ്പിങ് മാളിലെ ക്രിസ്മസ് അലങ്കാരങ്ങൾ തകർത്ത സംഭവം: ബജറംഗ് ദൾ പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ച് റായ്പൂർ കോടതി

റായ്‌പൂർ: ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്‌പൂരിലെ മാഗ്നറ്റോ മാളിൽ അതിക്രമിച്ചു കയറി ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിച്ച കേസിൽ അറസ്റ്റിലായ ഏഴു ബജറംഗ് ദൾ പ്രവർത്തകർക്ക് കോടതി ജാമ്യം നിഷേധിച്ചു. തിങ്കളാഴ്ചയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.ഭാരതീയ ന്യായ സംഹിതയിലെ അതിക്രമിച്ചു കയറൽ, മനഃപൂർവ്വം വസ്തുവകകൾ നശിപ്പിക്കൽ, മർദ്ദനം, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് തെലിബന്ധ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ കൂടുതൽ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ക്രിസ്മസ് തലേന്നാണാണ് മാളിനുള്ളിൽ അക്രമം അരങ്ങേറിയത്. സംസ്ഥാനത്ത് നടക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന നിർബന്ധിത മതപരിവർത്തനത്തിനെതിരെ തീവ്ര വലതുപക്ഷ സംഘടനകൾ ഈ ദിവസം സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെ മരത്തടികളും വടികളുമായി മാളിനുള്ളിലേക്ക് ഇരച്ചുകയറിയ സംഘം അവിടെ സ്ഥാപിച്ചിരുന്ന സാന്താക്ലോസ് പ്രതിമകളും മറ്റ് അലങ്കാരങ്ങളും തല്ലിത്തകർക്കുകയായിരുന്നു.മാളിലെ സുരക്ഷാ ജീവനക്കാർ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും അക്രമിസംഘം അവരെ മർദ്ദിച്ചതായി അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതിനിടെ, പ്രവർത്തകരെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് മുന്നൂറോളം വരുന്ന ബജറംഗ് ദൾ പ്രവർത്തകർ തെലിബന്ധ പൊലീസ് സ്റ്റേഷന് മുന്നിലെ പ്രധാന റോഡ് ഉപരോധിച്ചു. ഏകദേശം ഒൻപത് മണിക്കൂറോളം നീണ്ടുനിന്ന ഉപരോധം ഗതാഗത തടസ്സമുണ്ടാക്കി.ബസ്തർ മേഖലയിലെ കാങ്കർ ജില്ലയിൽ മതപരിവർത്തനം ചെയ്ത കുടുംബത്തിലെ ഒരാളുടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമായിരുന്നു ഡിസംബർ 24ന് നടന്ന ഹർത്താലിന്റെ കാരണം. ഹർത്താലിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത് എങ്കിലും നഗരമേഖലകളിൽ പലയിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *