ബലാത്സംഗ കേസില്‍ റിമാന്‍ഡിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും.തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. ഇന്ന് രാഹുലിനെ കോടതിയില്‍ ഹാജരാക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എസ്ഐടി അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയില്‍ കിട്ടിയാല്‍ ബലാത്സംഗം നടന്ന തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ച് രാഹുലിനെ തെളിവെടുക്കും. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പ്രതിഭാഗം ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊലീസ് റിപ്പോർട്ട് കിട്ടിയശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. കസ്റ്റഡി അപേക്ഷയില്‍ അന്തിമ തീരുമാനമായതിനുശേഷമായിരിക്കും ഇനി പ്രതിഭാഗം ജാമ്യാപേക്ഷയില്‍ വാദം തുടരുക. മജിസ്ട്രേറ്റ് കോടതി രാഹുലിന് ജാമ്യം കൊടുക്കാനുള്ള സാധ്യത കുറവാണ്. മാവേലിക്കര സബ്ബ് ജയിലിലുള്ള രാഹുലിനെ വൈദ്യപരിശോധന നടത്തിയശേഷം രാവിലെ 11 മണിയോടെ കോടതിയില്‍ എത്തിക്കും.രാഹുലിനെ കോടതിയില്‍ ഹാജരാക്കാൻ ഇന്നലെ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് രാഹുല്‍ അറസ്റ്റിലാകുന്നതും തുടര്‍ന്ന് മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡ് ചെയ്യുന്നതും. ജയിലില്‍ 26/2026 നമ്പര്‍ തടവുകാരനാണ് രാഹുല്‍. ജയിലില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടില്ല. ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍ ഒറ്റയ്ക്കാണ് രാഹുലിനെ പാര്‍പ്പിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഒറ്റയ്ക്ക് പാര്‍പ്പിച്ചിരിക്കുന്നത്.
ബലാത്സംഗ കേസ്; റിമാന്‍ഡിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷ പരിഗണിക്കും
