രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍.തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കേസില്‍ റിമാൻഡിലായി പൂജപ്പുര സെൻട്രല്‍ ജയിലില്‍ കഴിയുകയാണ് രാഹുല്‍ ഈശ്വർ.അറസ്റ്റില്‍ പ്രതിഷേധിച്ച്‌ നിരാഹാര സമരവും ജയിലില്‍ തുടരുകയാണ്. ഡോക്ടർമാർ രാഹുലിനെ പരിശോധിക്കുന്നുണ്ട്.അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വറിന്‍റെ വാദം.പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലെന്നും വാദമുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.അതേസമയം, രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് തിരുവനന്തപുരം സൈബർ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.യുവതിക്കെതിരായ സൈബര്‍ അധിക്ഷേപ പരാതിയില്‍ സംസ്ഥാനത്താകെ ഇതുവരെ 20 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.സൈബര്‍ ആക്രമണക്കേസുകളില്‍ പൊതുവെ പൊലീസ് സ്വീകരിക്കാറുള്ള നിലപാടല്ല രാഹുല്‍ ഈശ്വരന്‍റെ കാര്യത്തില്‍ പൊലീസ് സ്വീകരിച്ചിട്ടുള്ളത്. രാഹുല്‍ ഈശ്വറിനെതിരായ കേസില്‍ അതിവേഗ നടപടികളുമായാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് മുന്നോട്ടുപോകുന്നത്.കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് പരമാവധി തെളിവ് ശേഖരിക്കാനാണ് പൊലീസ് തീരുമാനം. ഇതിനായി അഡീഷണല്‍ സിജെഎം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറന്‍റ് പുറപ്പെടുവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *