രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ കേസിലെ പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയില്‍, രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സൈബർ പോലീസ് കോടതിയെ സമീപിച്ചു.ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് പരാതിക്കാരിയെ വീണ്ടും അധിക്ഷേപിച്ചുവെന്നതാണ് പോലീസിന്റെ പ്രധാന വാദം.നേരത്തെ ഈ കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍, അതിജീവിതയെക്കുറിച്ച് മോശം പരാമർശങ്ങള്‍ നടത്തരുതെന്ന് കോടതി കർശന നിർദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ ഈ വ്യവസ്ഥ രാഹുല്‍ ലംഘിച്ചതായി പോലീസ് ചൂണ്ടിക്കാട്ടുന്നു. രാഹുല്‍ ഈശ്വർ പുറത്തുവിട്ട വീഡിയോ പരാമർശങ്ങള്‍ അതിജീവിതയുടെ അന്തസ്സിനെ മുറിപ്പെടുത്തുന്നതും നിലവിലെ അന്വേഷണത്തെ ദോഷകരമായി ബാധിക്കുന്നതുമാണെന്ന് പോലീസ് റിപ്പോർട്ടില്‍ പറയുന്നു.ജാമ്യം നല്‍കിയ അതേ കോടതിയിലാണ് പോലീസ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇതിൻമേല്‍ കോടതി ഉടൻ തന്നെ രാഹുല്‍ ഈശ്വറിന് നോട്ടീസ് അയക്കും.
പരാതിക്കാരിയെ വീണ്ടും അധിക്ഷേപിച്ചു, രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് നീക്കം, കോടതിയെ സമീപിച്ചു
