ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി: രാഷ്ട്രപതിയുടെ സൂചനകൾ ഭരണഘടനാബെഞ്ച് 22-ന് പരിഗണിക്കും

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയക്രമം നിര്‍ദേശിച്ച വിധിയില്‍ 14 നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ടുളള രാഷ്ട്രപതിയുടെ സൂചനകൾ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ജൂലൈ 22-ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് രാഷ്ട്രപതിയുടെ റെഫറന്‍സ് പരിഗണിക്കുക. സൂര്യകാന്ത്, വിക്രംനാഥ്, പി എസ് നരസിംഹ, എ എസ് ചന്ദൂര്‍കര്‍ എന്നിവരാണ് ബെഞ്ചിലുളള മറ്റ് ജസ്റ്റിസുമാര്‍. ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധിയില്ലെന്ന് രാഷ്ട്രപതി സൂചനകളിൽ ചൂണ്ടിക്കാട്ടുന്നു.രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും വിവേചനാധികാരവും ഭരഘടനാ അവകാശങ്ങളും ഉള്‍പ്പെടെ 14 ചോദ്യങ്ങളാണ് സൂചനകളിൽ ഉന്നയിച്ചിരിക്കുന്നത്. ഒരു ബില്‍ അവതരിപ്പിക്കുമ്പോള്‍ ഗവര്‍ണറുടെ മുന്‍പാകെയുളള ഭരണഘടനാപരമായ ഓപ്ഷനുകള്‍ എന്തൊക്കെയാണ്, മന്ത്രിസഭ നല്‍കുന്ന സഹായത്തിനും ഉപദേശത്തിനും ഗവര്‍ണര്‍ ബാധ്യസ്ഥനാണോ, ഗവര്‍ണര്‍ ഭരണഘടനാപരമായ വിവേചനാധികാരം പ്രയോഗിക്കുന്നത് ന്യായമാണോ, ഒരു ബില്ല് നിയമമാകുന്നതിന് മുന്‍പ് കോടതികള്‍ക്ക് ജുഡീഷ്യല്‍ വിധിന്യായം നടത്താന്‍ അനുവാദമുണ്ടോ തുടങ്ങിയ ചോദ്യങ്ങളടങ്ങുന്ന സൂചനകളാവും ഭരണഘടനാ ബെഞ്ച് പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *