കൊച്ചി: യുവനടിയെ ലൈംഗികമായി ആക്രമിച്ച കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. നിലവില്‍ എറണാകുളം സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന രഞ്ജിത്തിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തുന്നതിനിടെ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിശദമായ മൊഴിയെടുക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം. സംഭവദിവസത്തെ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുന്നതിനൊപ്പം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പോലീസ് കോടതിയെ അറിയിക്കും.അതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന കാരവന്‍ പോലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സംഭവസമയം ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവരില്‍ നിന്ന് മൊഴിയെടുക്കാനാണ് പോലീസിന്റെ നീക്കം. ഇതില്‍ ഭൂരിഭാഗം പേരും നിലവില്‍ മുംബൈയിലാണെന്നാണ് വിവരം. ഇവര്‍ക്ക് ഉടനടി കൊച്ചിയില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നടി കരഞ്ഞുകൊണ്ട് കാരവനില്‍ നിന്ന് ഇറങ്ങിവരുന്നത് കണ്ടവരുണ്ടെന്ന കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണ്ണായകമാകും.അതേസമയം, രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഹാജരായ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതിനെത്തുടര്‍ന്ന് നാളെ പുതിയ അഭിഭാഷകനാകും രഞ്ജിത്തിനായി ഹാജരാകുക. ജനുവരി 19-ന് സിനിമ സെറ്റിലെ കാരവനില്‍ വെച്ച് അതിക്രമം നടന്നുവെന്നാണ് കേസ്. സാക്ഷികളുടെ മൊഴികളും സാഹചര്യത്തെളിവുകളും കോടതിയില്‍ ഹാജരാക്കി കസ്റ്റഡി ഉറപ്പാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
രഞ്ജിത്തിനെ കസ്റ്റഡയില്‍ ആവശ്യപ്പെട്ട് പോലീസ്;ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും
