റാഞ്ചി: പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന 200 കിലോ കഞ്ചാവ് എലികൾ തിന്നുനശിപ്പിച്ചതായി കോടതിയിൽ റിപ്പോർട്ട്. ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന തൊണ്ടിമുതൽ ഹാജരാക്കാൻ കഴിയാത്തതിനെത്തുടർന്ന് കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. റാഞ്ചിയിൽ മുമ്പും സമാനമായ രീതിയിൽ വിചിത്ര വാദങ്ങൾ പൊലീസ് ഉയർത്തിയിട്ടുണ്ട്. അന്ന് കസ്റ്റഡിയിലിരുന്ന മദ്യം എലികൾ കുടിച്ചുതീർത്തെന്നായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്.2002 ജനുവരിയിൽ എൻ.എച്ച്-20 ൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് ഒർമാൻജി പൊലീസ് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്. റാഞ്ചിയിൽ നിന്ന് രാംഗഡിലേക്ക് വലിയ തോതിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു വെളുത്ത ബൊലേറോ പൊലീസ് തടഞ്ഞു. പൊലീസിനെ കണ്ടതോടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒരാളെ പൊലീസ് പിടികൂടി. വൈശാലി ജില്ലയിലെ ബിർപൂർ സ്വദേശിയായ ഇന്ദ്രജിത് റായ് (അനുർജിത് റായ് – 26) ആണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന രണ്ട് പേർ ഓടിരക്ഷപ്പെട്ടു.വാഹന പരിശോധനയിൽ പിടിച്ചെടുത്ത 200 കിലോഗ്രാം കഞ്ചാവുമായി ബന്ധപ്പെട്ട് ഇന്ദ്രജിത് റായിക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, വിചാരണ വേളയിൽ പ്രോസിക്യൂഷന് മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. ലഹരിമരുന്ന് പിടിച്ചെടുത്ത സ്ഥലം, സമയം, രീതി എന്നിവയെ സംബന്ധിച്ച സാക്ഷിമൊഴികളിലെ വൈരുദ്ധ്യം കേസിനെ ദുർബലപ്പെടുത്തി. ഏറ്റവും വലിയ തിരിച്ചടിയായത്, സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലികൾ നശിപ്പിച്ചുവെന്ന പൊലീസിന്റെ വെളിപ്പെടുത്തലായിരുന്നു. ഇക്കാര്യം പൊലീസ് ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. തൊണ്ടിമുതൽ സംരക്ഷിക്കുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് അതീവ ഗുരുതരമായ വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു. പൊലീസിന്റെ അശ്രദ്ധയിൽ ശക്തമായ ആശങ്ക പ്രകടിപ്പിച്ച കോടതി പ്രതിയെ വെറുതെ വിടുകയായിരുന്നു.
ഒരു കോടിയുടെ കഞ്ചാവ് എലി തിന്ന് നശിപ്പിച്ചതായി പൊലീസ്; പ്രതിയെ വെറുതെ വിട്ട് കോടതി
