സ്പാ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന കേസ്: പോക്സോ കോടതി 31ന് വിധി പറയും

പാലാരിവട്ടത്ത് ‘സ്പാ” ജീവനക്കാരിയായിരുന്ന 17കാരിയെ പലയിടങ്ങളിലുമെത്തിച്ച്‌ പീഡിപ്പിച്ചെന്ന കേസില്‍ ആലുവ ഫാസ്റ്റ് ട്രാക് (പോക്സോ) കോടതി 31ന് വിധി പറയും.പാലാരിവട്ടം പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസില്‍ ആലപ്പുഴ സ്വദേശികളായ രാഗേഷ്, വിഷ്ണു, തൃശൂർ സ്വദേശി ഗായത്രി എന്നിവരാണ് പ്രതികള്‍. 2022ലാണ് കേസ് രജിസ്റ്റർ ചെയ്തത്.കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയെ അമ്മയും സുഹൃത്തും ചേർന്നാണ് സ്പായില്‍ ജോലിക്ക് ചേർത്തത്. ഇവിടെ ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങാൻ പ്രേരിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴിയുണ്ട്. മൂന്നാം പ്രതി ഗായത്രിയും ഇവിടെ ജീവനക്കാരിയായിരുന്നു. ഇതിനിടെ ഗായത്രിയുടെ സുഹൃത്തുക്കളായ വിഷ്ണു, രാഗേഷ് എന്നിവരുമായി പെണ്‍കുട്ടി പരിചയത്തിലായി. തുടർന്ന് പ്രതികള്‍ ചേർന്ന് എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലുമെത്തിച്ച്‌ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. ആദ്യം കോഴിക്കോട് കൂരാച്ചുണ്ട് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് പാലാരിവട്ടം പൊലീസിന് കൈമാറുകയായിരുന്നു. ഒരു വർഷം മുമ്പ് തുടങ്ങിയ വിചാരണയില്‍ 44 സാക്ഷികളെ വിസ്തരിച്ചിരുന്നു. പ്രതികള്‍ക്കായി അഡ്വ. ജോണി ജോ‌ർജ് പാംപ്ലാനി തുടങ്ങിയവർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *