കൊച്ചി: ലുലു മാളിൽ ഉപഭോക്താക്കളിൽ നിന്ന് പാർക്കിങ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മുൻസിപ്പാലിറ്റി / കോർപ്പറേഷൻ ലൈസൻസ് മുഖേന കെട്ടിട ഉടമയ്ക്ക് പാർക്കിങ് ഫീസ് പിരിക്കുന്നതിനുള്ള അധികാരമുണ്ടന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. ജസ്റ്റിസുമാരായ എസ് എ ധർമ്മാധികാരി, ശ്യാം കുമാർ വി എം എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. പാർക്കിങ് തുക ഈടാക്കണമോ എന്നത്, മുൻസിപ്പാലിറ്റി / കോർപ്പറേഷൻ ലൈസൻസ് ഉള്ള കെട്ടിട ഉടമകളുടെ വിവേചനാധികാരമാണെന്ന് കോടതി നിരീക്ഷിച്ചു.
ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ബോസ്കോ കളമശേരി നൽകിയ ഹർജി തീർപ്പാക്കികൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. കേരള മുൻസിപ്പാലിറ്റി ആക്ട്, കേരള ബിൽഡിങ് റൂൾസ് നിയമങ്ങളുടെ ലംഘനമാണെന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി. പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ ലുലു മാളിന് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് കളമശ്ശേരി നഗരസഭ നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേരള മുന്‍സിപ്പാലിറ്റി ചട്ടം അനുസരിച്ച് പേ ആന്‍ഡ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കാണ് നഗരസഭ അനുമതി നൽകിയത്.
