പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതിയടക്കം രണ്ട് പേര്‍ക്ക് പരോള്‍

Oplus_16908288

പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയടക്കം രണ്ട് പേർക്ക് പരോള്‍. ഒന്നാം പ്രതി എ പീതാംബരൻ, ഏഴാം പ്രതി എ.അശ്വിൻ എന്നിവർക്കാണ് ഒരു മാസത്തേക്ക് പരോള്‍ നല്‍കിയത്. ബേക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണ് പരോള്‍.രണ്ടാം പ്രതിയായ സജി സി. ജോർജിന് കഴിഞ്ഞദിവസം പരോള്‍ അനുവദിച്ചിരുന്നു. നിലവില്‍ കണ്ണൂരിലെ ബന്ധുവീട്ടിലാണ് സജി. കേസിലെ മറ്റൊരു പ്രതിക്കും നേരത്തെ പരോള്‍ അനുവദിച്ചിരുന്നു.അഞ്ചാം പ്രതി ഗിജിൻ ഗംഗാധരനും 15ാം പ്രതി ജിഷ്ണു സുരയും പരോളിനായി സർക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്. പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.മുഴുവൻ പ്രതികളെയും പരോളിലൂടെ പുറത്തിറക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനേയും സിപിഎം പ്രവർത്തകർ വെട്ടിക്കൊന്നത്.‌ഒന്നാംപ്രതി പീതാംബരന് 2022ല്‍ ചട്ടം ലംഘിച്ച്‌ ആയുർവേദ ചികിത്സ നല്‍കിയത് വിവാദമായിരുന്നു. സംഭവത്തില്‍ കണ്ണൂർ സെൻട്രല്‍ ജയില്‍ സൂപ്രണ്ടിനോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാൻ സിബിഐ കോടതി നിർദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *