പെരിങ്ങോട്ടുകര വ്യാജ പീഡനക്കേസ്: ആറ് പ്രതികളുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചു

ബംഗളുരു: തൃശ്ശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ പൂജാരിയുടെ ബന്ധുവിനെ വ്യാജ പീഡനക്കേസിൽ പെടുത്തിയ സംഭവത്തിൽ ബെംഗളൂരു പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിലെ രണ്ടാംപ്രതി ബെംഗളൂരുവിലെ മസാജ് സെന്റർ ജീവനക്കാരിയായ രത്ന (38), എട്ടാംപ്രതി പെരിങ്ങോട്ടുകര സ്വദേശി കെ ഡി ശ്രീരാഗ് (30), ഒൻപതാം പ്രതി കെ യു സ്വാമിനാഥൻ (50), പത്താം പ്രതി കെ ഡി ദേവദാസ് (50), 11-ാം പ്രതി കെ ഡി വേണുഗോപാൽ (71), 12-ാം പ്രതി രജത (40) എന്നിവരുടെ പേരിലാണ് കുറ്റപത്രം നൽകിയത്. ശ്രീരാഗും സ്വാമിനാഥനും ദേവദാസും വേണുഗോപാലും രജതയും പെരിങ്ങോട്ടുകര സ്വദേശികളാണ്. കേസിൽ ആകെ 12 പ്രതികളാണുള്ളത്. രത്ന നൽകിയ പീഡനക്കേസിൽ ദേവസ്ഥാനം പൂജാരി ഉണ്ണി ദാമോദരൻ്റെ മരുമകൻ ടി എ അരുണിനെ ബെംഗളൂരു പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് വ്യാജമാണെന്നും രത്നയെ മുൻനിർത്തി മറ്റുചിലർ അരുണിനെ കേസിൽപ്പെടുത്തുകയായിരുന്നെന്നും ആരോപിച്ച് ഉണ്ണി ദാമോദരൻ്റെ മകൾ ഉണ്ണിമായ നൽകിയ പരാതിയിലാണ് ബെംഗളൂരു ബാനസവാടി പോലീസ് അന്വേഷണം നടത്തിയത്. തുടർന്ന് രത്ന, ഇവരുടെ സഹായി മോണിക്ക, പാലക്കാട് സ്വദേശി ശരത് മേനോൻ, ഇയാളുടെ സഹായികളായ സജിത്, മുഹമ്മദ് ആലം എന്നി വരെ അറസ്റ്റുചെയ്തു. ബെംഗളൂരു അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബാക്കി പ്രതികളുടെ പേരിൽ പിന്നീട് കുറ്റപത്രം സമർപ്പിക്കും. ബാനസവാടി ഡിവൈഎസ്‌പി എം എച്ച് ഉമാശങ്കറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.

Leave a Reply

Your email address will not be published. Required fields are marked *