പാലത്തായി പീഡനക്കേസ്: വിധി ശിശുദിനത്തില്‍

ബിജെപി നേതാവായ അധ്യാപകന്‍ പ്രതിയായ പാലത്തായി പീഡനക്കേസില്‍ തലശേരി പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി എം ടി ജലജറാണി 14ന് വിധിപറയും.ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസില്‍ കെ പത്മരാജന്‍ (പപ്പന്‍ മാഷ്49) അതേ സ്‌കൂളിലെ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലാണ് ശിശുദിനത്തില്‍ വിധിപറയുന്നത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ മൂന്ന്തവണ അധ്യാപകന്‍ ബാത്ത്റൂമില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 2025 ആഗസ്ത് 13വരെ തുടര്‍ച്ചയായ വിചാരണയുണ്ടായി. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി അഞ്ചുദിവസമാണ് കോടതി രേഖപ്പെടുത്തിയത്. കുട്ടിയുടെ സുഹൃത്തായ വിദ്യാര്‍ഥി, നാല് അധ്യാപകര്‍ ഉള്‍പ്പെടെ 40 സാക്ഷികളെ പ്രോസിക്യുഷന്‍ വിസ്തരിച്ചു. 77 രേഖകളും 14 തൊണ്ടിമുതലുകളും ഹാജരാക്കി. സ്വകാര്യഭാഗത്ത് മുറിവുണ്ടായതിന്റെയും ബ്ലീഡിങ്ങിനെ തുടര്‍ന്ന് ചികിത്സതേടിയതിന്റെയും വിവരങ്ങളും ഹാജരാക്കിയ രേഖകളിലുണ്ട്. പ്രതിഭാഗം മൂന്നു സാക്ഷികളെ വിസ്തരിച്ചു.ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചതാണ് പാലത്തായി പീഡനക്കേസ്. പത്തുവയസുകാരി പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ ഉമ്മ നല്‍കിയ പരാതിയില്‍ പാനൂര്‍ പോലിസ് 2020 മാര്‍ച്ച്‌ 17നാണ് കേസെടുത്തത്. പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍നിന്ന് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ ഉമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24ന് സംസ്ഥാന പോലിസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *