ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും.ദ്വാരപാലക ശില്പ നിർമ്മാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച കേസിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. നേരത്തെ കട്ടിളപ്പാളി കേസിലെ ജാമ്യാപേക്ഷ ഹൈക്കോടതിയും വിജിലൻസ് കോടതിയും തള്ളിയിരുന്നു.അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ട് പത്മകുമാറിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ബോർഡ് മിനുട്സില്‍ സ്വന്തം കൈപ്പടയില്‍ പത്മകുമാർ തിരുത്തല്‍ വരുത്തിയെന്ന് എസ്.ഐ.ടി കണ്ടെത്തി. ‘പിച്ചള’ എന്ന വാക്ക് വെട്ടി ‘ചെമ്ബ്’ എന്ന് മാറ്റുകയും ‘അനുവദിക്കുന്നു’ എന്ന് എഴുതിച്ചേർക്കുകയും ചെയ്തത് സ്വർണക്കൊള്ളയ്ക്ക് വഴിയൊരുക്കാനാണെന്നാണ് കണ്ടെത്തല്‍. പാളികള്‍ അറ്റകുറ്റപ്പണി നടത്താൻ തന്ത്രി ആവശ്യപ്പെട്ടെന്ന വാദത്തിന് രേഖകളില്ലെന്നും തന്ത്രി മഹസറില്‍ ഒപ്പിട്ടിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പ്രതികളായ ഗോവർധനും ഉണ്ണികൃഷ്ണൻ പോറ്റിയും ബംഗളൂരുവില്‍ ഒത്തുകൂടി തെളിവുകള്‍ നശിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന ഗൗരവകരമായ വിവരവും എസ്.ഐ.ടി വെളിപ്പെടുത്തി. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കമായാണ് പോലീസ് കാണുന്നത്.ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് നീട്ടാനാണ് വിജിലൻസ് നീക്കം. ബോർഡിന്റെ തീരുമാനങ്ങളില്‍ എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ടെന്ന വാദമാണ് പത്മകുമാർ കോടതിയില്‍ ഉയർത്തുന്നത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.
ശബരിമല സ്വര്‍ണക്കൊള്ള കേസ്, എ. പത്മകുമാറിന് ഇന്ന് നിര്‍ണായകം, ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
