വാഷിങ്ടൺ: ഇറാൻ – ഇസ്രയേൽ സംഘർഷം കൊടുമ്പിരികൊള്ളുന്നതിനിടയിൽ അടിപതറി ഡോണൾഡ് ട്രംപ്. ഇറാനിൽ നിന്നുള്ള അസംസ്കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും കൈമാറുന്നതിനും വിൽക്കുന്നതിനും 30 ദിവസത്തേക്ക് ഉപരോധം നീക്കി ഉത്തരവിട്ടു. ഇത് സംബന്ധിച്ച യുഎസ് ട്രഷറി ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.വെള്ളിയാഴ്ച മുമ്പായി കപ്പലുകളിൽ എണ്ണ കയറ്റുകയാണെങ്കിൽ മാത്രമേ ഈ ലൈസൻസ് ലഭ്യമാകൂ. ഏപ്രിൽ 19 വരെയാണ് ഈ ഇളവിന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിലും അനുബന്ധ ഉൽപ്പന്നങ്ങളും വഹിക്കുന്ന, നിലവിൽ കടലിൽ കുടുങ്ങിക്കിടക്കുന്നതോ അല്ലെങ്കിൽ ലോഡ് ചെയ്യപ്പെട്ടതോ ആയ ഇറാന്റെ എണ്ണ ശേഖരം വിപണിയിലെത്തിക്കാൻ ഇതിലൂടെ സാധിക്കും. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നീക്കം.സംഘർഷം യുഎസിലെയും യൂറോപ്പിലെയും ആഭ്യന്തര വിപണികളെയും കടുത്ത പ്രതിസന്ധിയിലാക്കി. യുഎസിൽ ഇന്ധനവിലയിൽ കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് 25 ശതമാനത്തിലധികം വർധനവുണ്ടായി. ജർമനി, ഫ്രാൻസ് രാജ്യങ്ങളിൽ വാതക ലഭ്യത കുറഞ്ഞതോടെ പല ഉൽപ്പാദന മേഖലകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. സാഹചര്യം നേരിടാൻ യുഎസ് കരുതൽ ശേഖരത്തിൽനിന്ന് 172 ദശലക്ഷം ബാരൽ എണ്ണ പുറത്തെടുക്കാൻ തീരുമാനിച്ചെങ്കിലും, ആഗോള വിതരണ ശൃംഖലയിലെ വിടവ് നികത്താൻ ഇത് പര്യാപ്തമല്ല.അതേസമയം ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാനും പശ്ചിമേഷ്യയിലെ സൈനിക ഇടപെടലുകൾ പിൻവലിക്കാനും ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായാണ് റിപ്പോർട്ട്. യുഎസ് തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനോട് അടുത്തെത്തിയതായാണ് ട്രംപ് പറയുന്നത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷാച്ചുമതല ഇനി മുതൽ അത് ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്നാണ് ട്രംപിന്റെ വാദം.ഈ പാത നിലവിൽ അമേരിക്ക ഉപയോഗിക്കുന്നില്ല എന്നതാണ് കാരണമായി ട്രംപ് ചൂണ്ടിക്കാട്ടുന്നത്.ഇറാൻ ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കിക്കഴിഞ്ഞാൽ ഹോർമുസ് കടലിടുക്കിൽ യുഎസ് സൈന്യത്തിന്റെ സാന്നിധ്യം ആവശ്യമില്ലെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾക്ക് ഇത് ‘എളുപ്പമുള്ള സൈനിക നടപടി’ മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആവശ്യമെങ്കിൽ മറ്റ് രാജ്യങ്ങളെ സഹായിക്കാൻ യുഎസ് തയ്യാറാണെങ്കിലും, അതിന്റെ സാഹചര്യം ഉണ്ടാവില്ലെന്നാണ് ട്രംപിന്റെ പ്രതീക്ഷ
നീതിയുക്തമായ വിചാരണയ്ക്ക് തടസം; പ്രതികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതിനെതിരെ സുപ്രീം കോടതി
