തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഇന്ന് മുതൽ കേസ് നടത്തുന്നതിന് കോടതികൾ ഈടാക്കുന്ന ഫീസിൽ കാര്യമായ വർദ്ധന വരും. ചെക്ക് കേസുകൾക്ക് കോടതി ഫീസ് ഇപ്പോൾ 10 രൂപയാണ്. ഇനി മുതൽ ചെക്കിലെ തുക അനുസരിച്ച് ഫീസ് വർധിക്കും. ചെക്കിന്റെ തുക 10000രൂപ വരെയാണെങ്കിൽ 250 രൂപയായും 10000 രൂപ മുതൽ മൂന്ന് ലക്ഷം വരെയാണെങ്കിൽ തുകയുടെ അഞ്ച് ശതമാനമാകും.വസ്തു സംബന്ധമായ കുടുംബകോടതികളിലെ കേസുകളുടെ ഫീസും കൂടും. ഒരു ലക്ഷം രൂപ വരെയുള്ള കേസുകളിൽ കോടതി ഫീസ് 200 രൂപയാക്കി.
ഒരുലക്ഷം മുതൽ അഞ്ചുലക്ഷം രൂപ വരെയുള്ള കേസുകളിൽ അവകാശപ്പെടുന്ന തുകയുടെ അര ശതമാനമായിരിക്കും ഫീസ്.അഞ്ചുലക്ഷത്തിന് മുകളിലുള്ള കേസുകളിൽ പരമാവധി രണ്ട് ലക്ഷം രൂപ എന്ന വ്യവസ്ഥയിൽ, അവകാശപ്പെടുന്ന തുകയുടെ ഒരു ശതമാനമാകും കോടതി ഫീസ്. ഇത്തരം കേസുകളിൽ ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെടുന്ന അപ്പീലുകൾക്കും ഇതേ ഫീസുകളാകും ഈടാക്കുക.. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ, ജാമ്യാപേക്ഷ എന്നിവയ്ക്കുള്ള ഫീസ് 500 രൂപയായി കൂടും. സെക്ഷൻ കോടതികളിൽ മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള ഫീസ് 250 രൂപയും ജാമ്യാപേക്ഷയ്ക്കുള്ള തുക 200 രൂപയായും ആയിരിക്കും പുതുക്കിയ നിരക്ക്. തുടർന്നുള്ള ഓരോ ഹർജികൾക്കും അതാതിന്റെ പകുതി ഫീസും ഇവയല്ലാതെയുള്ള മറ്റ് കോടതികളിൽ ഓരോ ഹർജിക്കാരനും 50 രൂപ എന്നതിന് വിധേയമായി പരമാവധി 250 രൂപയും ഫീസായി നൽകേണ്ടിവരും.