ഇനി നിയമം തെറ്റിച്ചാൽ പോക്കറ്റ് മാത്രമല്ല ലൈസൻസും കീറും; പുതുക്കിയ മോട്ടോർ വാഹന പിഴത്തുക വിശദമായി അറിയാം

കൊച്ചി: റോഡിലൂടെ വാഹനമോടിക്കുമ്പോൾ ട്രാഫിക് നിയമലംഘനം നടത്തിയാൽ പിഴത്തുകയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. 2025 മാർച്ച് ഒന്ന് മുതൽ രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുക പുതുക്കിയ വിവരം നിങ്ങൾ അറിഞ്ഞിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു. അറിയാത്തവർക്ക് വേണ്ടി വളരെ വിശദമായി തന്നെ പിഴത്തുകയുടെ കാര്യങ്ങൾ പങ്കുവയ്ക്കുകയാണ്. ഇനി മുതൽ നിസാര തുക അല്ലേ ഉളളു എന്ന് ട്രാഫിക് നിയമങ്ങൾ ലംഘിക്കാനാണ് ഉദ്ദേശമെങ്കിൽ ലൈസൻസ് പോലും നഷ്ടമാകും കേട്ടോ. അതേ സത്യമാണ്. ആദ്യം നമ്മൾക്ക് മദ്യപിച്ച് വാഹനമോടിക്കുന്നതിൻ്റെ പിഴ പരിശോധിക്കാം. പഴയ പിഴത്തുക എന്ന് പറയുന്നത് 1000 മുതൽ 1500 വരെ ആയിരുന്നു.എന്നാൽ പുതുക്കിയ പിഴത്തുക അനുസരിച്ച് 10000 രൂപയോ 6 മാസം തടവോ ആയിരിക്കും ശിക്ഷ. നിയമം വീണ്ടു തെറ്റിച്ചാൽ 15000 രൂപയോ രണ്ട് വർഷം വരെ തടവോ ലഭിച്ചേക്കാം. ഹെൽമറ്റ് ഉപയോഗിക്കാതെ ഇരുചക്ര വാഹനമോടിച്ചാൽ 100 രൂപയായിരുന്നു പഴയ പിഴത്തുക, എന്നാൽ ഇപ്പോഴത് 1000 രൂപയും 3 മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്യും. സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്താൽ 100 രൂപയായിരുന്ന പിഴത്തുക 1000 ലേക്കും മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ട് വാഹനമോടിച്ചാലുളള പിഴത്തുക 500 ൽ നിന്ന് 5000 രൂപ ആക്കി മാറ്റുകയും ചെയ്തു.

ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാലും പിഴത്തുക 5000 രൂപയാണ്. രണ്ട് പേരിൽ കൂടുതൽ പേരെ ഇരുചക്ര വാഹനത്തിൽ കയറി യാത്ര ചെയ്താലുളള പിഴത്തുക 100 രൂപയിൽ നിന്ന് 1000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കിൽ 2000 രൂപ പിഴയോ അല്ലെങ്കിൽ 3 മാസം തടവുമാണ്. വീണ്ടും തെറ്റ് ആവർത്തിച്ചാൽ 4000 രൂപയാണ് പിഴ. അത് പോലെ തന്നെ വാഹനത്തിൻ്റെ പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 10000 രൂപയോ 6 മാസം തടവോ ലഭിക്കുമെന്നാണ് പുതിയ ശിക്ഷ ക്രമീകരണങ്ങളിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ. അപകടരമായ രീതിയിൽ വാഹനമോടിച്ചാൽ പഴയ പിഴത്തുക 500 ആയിരുന്നുവെങ്കിൽ പുതുക്കിയ തുക 5000 രൂപയാണ്. അത് പോലെ തന്നെ പലരും ചെയ്യുന്ന ഒരു തെറ്റാണ് ആംബുലൻസിന് വഴി കൊടുക്കാത്തത്. ഒരു ജീവന് വേണ്ടി പായുമ്പോൾ അല്ല നിങ്ങളുടെ അഹങ്കാരം കാണിക്കേണ്ടത്. വഴി കൊടുക്കാതിരുന്നാൽ നിങ്ങൾക്ക് എതിരെ 10000 രൂപ പിഴ ചുമത്താനുളള അധികാരമുണ്ട്.പിഴത്തുകയുടെ മൊത്തത്തിലുളള വിവരങ്ങൾ ചിത്രത്തിൽ നൽകിയിട്ടുണ്ട്. വിശദമായി തന്നെ വായിക്കാൻ മറക്കാതിരിക്കുക. അത് പോലെ രാജ്യത്ത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകളുളള കാര്യവും മറക്കാതിരിക്കുക. വാഹനാപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും അനുദിനം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ AI ക്യാമറകളുടെ അടുത്ത സെറ്റ്/ രണ്ടാംഘട്ടം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മോട്ടോര്‍വാഹന വകുപ്പ് സംസ്ഥാനത്തെ പല ഭാഗങ്ങളിലായി സ്ഥാപിച്ച 675 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് ഇപ്പോള്‍ നിരത്തിലുള്ളത്. മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകള്‍ എത്തപ്പെട്ടിട്ടില്ലാത്ത പാതകളും പ്രദേശങ്ങളും കേന്ദ്രീകരിച്ചാകും പൊലീസ് സ്ഥാപിക്കുന്ന സീസൺ 2 ക്യാമറകൾ വരിക. സംസ്ഥാനത്ത് ഇതിനോടകം മാർക്ക് ചെയ്തിട്ടുള്ള 374 അതിതീവ്ര ബ്ലാക്ക്സ്‌പോട്ടുകള്‍ക്കാവും ഇക്കാര്യത്തിൽ മുന്‍ഗണന നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *