ന്യൂഡൽഹി: പഞ്ചാബിൽ മുൻകൂർ അനുമതിയില്ലാതെ മരം മുറിക്കുന്നത് ഹൈക്കോടതി വിലക്കി. പൊതുതാത്പര്യ ഹർജിയിലാണ് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ജസ്റ്റിസ് സഞ്ജീവ് ബെറി എന്നിവർ അടങ്ങിയ ബെഞ്ച് സുപ്രധാനമായ ഉത്തരവ് ഇറക്കിയത്. വരാനിരിക്കുന്ന പാരിസ്ഥിതിക ദുരന്തത്തെക്കുറിച്ച് ഉദ്യോഗസ്ഥർ ബോധവാന്മാരല്ലെന്ന് തോന്നുന്നുവെന്നും ചീഫ് ജസ്റ്റിസ് ഷീൽ നാഗു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.മൊഹാലിയിലെ 251 മരങ്ങൾ മുറിക്കാനുള്ള നടപടികൾക്ക് എതിരായ ഹർജിയിലാണ് ഉത്തരവ്. വിവിധ ക്രോസ് ജങ്ഷനുകളിൽ റൗണ്ട് എബൗട്ടുകൾ നിർമ്മിക്കുന്നതിന് ഉൾപ്പെടെയാണ് ഈ മരങ്ങൾ മുറിക്കാൻ തീരുമാനിച്ചത്. മൊഹാലിയിലെ മരങ്ങൾ മുറിക്കാനുള്ള നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി, ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സംസ്ഥാനത്തെ ഒരു മരവും മുറിക്കരുത് എന്നും നിർദേശിച്ചു.പഞ്ചാബിലെ മൊത്തം ഭൂപ്രദേശത്തിന്റെ 3.67 ശതമാനം മാത്രമാണ് വനമേഖല. രാജസ്ഥാനിൽ ഇത് 4.8 ശതമാനം ആണ്. ഈ വസ്തുതകൾ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പഞ്ചാബിലെ ഉദ്യോഗസ്ഥർ ഗൗരവമുള്ളവരല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഇനി ജനുവരി 19 ന് പരിഗണിക്കും.
പാരിസ്ഥിതിക ദുരന്തത്തെക്കുറിച്ച് ബോധവാന്മാരല്ല’- പഞ്ചാബിൽ മരം മുറിക്കുന്നത് വിലക്കി ഹൈക്കോടതി
