ആധാര്‍ കയ്യില്‍ കൊണ്ട് നടക്കേണ്ട, പുതിയ ആധാര്‍ ആപിനെ കുറിച്ച് അറിയാം

ആധാര്‍ കാര്‍ഡ് കൈവശമില്ലാത്തതിന്റെ പേരില്‍ പലര്‍ക്കും പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടാകും. ഇതിനെല്ലാം പരിഹാരമെന്നോണം ആധാര്‍ ആപ് പുറത്തിറക്കുകയാണ് കേന്ദ്രം. ഉപയോക്താക്കളെ അവരുടെ ആധാര്‍ വിവരങ്ങള്‍ ഡിജിറ്റലായി പരിശോധിക്കാനും പങ്കിടാനും അനുവദിക്കുന്നതാണ് ആധാര്‍ ആപ്. ആപില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആധാര്‍ കാര്‍ഡോ അതിന്റെ പകര്‍പ്പോ കയ്യില്‍ കൊണ്ടുനടക്കേണ്ടതിന്റെ ബുദ്ധിമുട്ട് ഇല്ലാതാകും. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ചൊവ്വാഴ്ച ആപ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഡിജിറ്റല്‍ നവീകരണത്തിന്റെ പ്രാധാന്യത്തോടൊപ്പം, ആധാര്‍ പരിശോധന എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തിയാക്കാനും കൂടുതല്‍ സുരക്ഷിതമാക്കാനുള്ള ഒരു നീക്കമെന്നാണ് പുതിയ ആപിന്റെ മന്ത്രി വിശേഷിപ്പിച്ചത്. മൊബൈല്‍ ആപില്‍ ഫേസ് ഐഡി ഒതന്‍ഡിക്കേഷനോടെ ആധാര്‍ ആപില്‍ രജിസ്റ്റര്‍ ചെയ്യാം. ഫിസിക്കല്‍ കാര്‍ഡോ കോപ്പികളോ ആവശ്യമില്ലെന്നും എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ അശ്വിനി വൈഷ്ണവ് പറഞ്ഞു. സുരക്ഷിതമായ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ഒറ്റ ക്ലിക്കില്‍ ആവശ്യമായ വിവരങ്ങള്‍ മാത്രം പങ്കിടാന്‍ ആപ് സൗകര്യമൊരുക്കും. സ്വകാര്യ വിവരങ്ങള്‍ക്ക് മേല്‍ ഉപയോക്താക്കള്‍ക്ക് പൂര്‍ണ നിയന്ത്രണമുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആപിലെ ഫേസ് ഐഡി ഒതന്‍ഡിക്കേഷന്‍ കൂടുതല്‍ സ്വകാര്യതയും സുരക്ഷയും ഉറപ്പ് നല്‍കുന്നതാണ്. യുപിഐ പേമെന്റ് പോലെ ലളിതമായി ഒരു ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ആധാര്‍ പരിശോധന നടത്താനുമാകും. ആധാര്‍ ആപ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഹോട്ടലുകള്‍, കടകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങി എവിടെയും പരിശോധനകള്‍ക്കായി ആധാര്‍ നേരിട്ട് കൊണ്ടുവരേണ്ടതില്ലെന്നും ആപ് ഉപയോഗിച്ചാല്‍ മതിയാകുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ബീറ്റാ പരിശോധനയുടെ ഘട്ടത്തിലാണ് പുതിയ ആധാര്‍ ആപ്.

Leave a Reply

Your email address will not be published. Required fields are marked *