കെഎസ്‌ആര്‍ടിസി ബസുകളില്‍ സീറ്റ് സംവരണത്തില്‍ വിവേചനമില്ല: മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം : കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് വേണ്ടി മുൻനിര സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നതില്‍ വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.ഗീത.പ്രത്യേക പഠനങ്ങള്‍ക്കും സ്ത്രീകള്‍ക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകള്‍ വിശദമായി പരിഗണിച്ച ശേഷവുമാണ് സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നതെന്ന് കമ്മീഷൻ ഉത്തരവില്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് മുൻനിര സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നത് വിവേചനമാണെന്ന് ആരോപിച്ച്‌ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.ഗതാഗതവകുപ്പ് സെക്രട്ടറിയില്‍ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.

1989 ലെ കേരള മോട്ടോർ വാഹന ചട്ടങ്ങളിലെ ചട്ടം 259(1) പ്രകാരമാണ് കെഎസ്ആർടിസി ബസുകളില്‍ മുൻനിര സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഇത് വിവേചനമല്ല.

വിവിധ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകള്‍ ഒഴികെയുള്ളവയില്‍ മറ്റ് യാത്രക്കാർക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു. കരുനാഗപ്പള്ളി സ്വദേശി ഇ.ഷാജഹാൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *