വിധി നിർണയത്തിന് എഐ വേണ്ട; ജുഡീഷ്യൽ നടപടികളിൽ നിയന്ത്രണമേർപ്പെടുത്തി ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: കോടതി വിധി നിർണയമുൾപ്പെടെയുള്ള സുപ്രധാന ജുഡീഷ്യൽ പ്രക്രിയകളിൽ നിർമ്മിത ബുദ്ധി ഉപയോഗിക്കുന്നത് നിരോധിച്ച് ഗുജറാത്ത് ഹൈക്കോടതി. ജുഡീഷ്യൽ ന്യായവാദം, വിധികളുടെ കരട് തയ്യാറാക്കൽ, ജാമ്യാപേക്ഷകൾ പരിഗണിക്കൽ തുടങ്ങിയ നിർണ്ണായക ഘട്ടങ്ങളിൽ എഐ ഉപയോഗിക്കരുതെന്ന് കോടതി കർശന നിർദ്ദേശം നൽകി.ഗുജറാത്തിൽ നടന്ന ജില്ലാ ജഡ്ജിമാരുടെ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച നയരേഖ പുറത്തിറക്കിയത്. നീതിന്യായ സംവിധാനത്തിന് പകരമായി എഐയെ കാണരുതെന്ന് ഹൈക്കോടതി പുറത്തിറക്കിയ പുതിയ നയം വ്യക്തമാക്കുന്നു. വിധിന്യായം എളുപ്പത്തിലും വേഗത്തിലുമാക്കാൻ സഹായിക്കുന്ന ഒരു ഉപകരണം മാത്രമായിരിക്കണം സാങ്കേതികവിദ്യ.കോടതി നടപടികളിൽ എഐയുടെ അമിത സ്വാധീനം കേസുകളുടെ രഹസ്യാത്മകതയെയും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെ സുതാര്യതയെയും ബാധിക്കുമെന്ന ആശങ്കയും നയരേഖ പങ്കുവെക്കുന്നു. വ്യക്തിപരമായ വിവേചന ബുദ്ധി ഉപയോഗിക്കേണ്ട ഇടങ്ങളിൽ സാങ്കേതിക വിദ്യക്ക് നിയന്ത്രണം അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.എഐയ്ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം തന്നെ, ചില ഭരണപരമായ കാര്യങ്ങളിൽ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. കേസ് മാനേജ്‌മെന്റ് നടപടികൾ, കോടതിയുടെ ആഭ്യന്തര രേഖകൾ ഡ്രാഫ്റ്റ് ചെയ്യൽ, ഐടിയുമായി ബന്ധപ്പെട്ട ഓട്ടോമേഷൻ പ്രവർത്തനങ്ങൾ എന്നിവയിലും നിയന്ത്രണമുണ്ട്.സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോഴും ജുഡീഷ്യൽ ഓഫീസർമാർ ജാഗ്രത പാലിക്കണമെന്നും കോടതിയുടെ അന്തസ്സും വിശ്വാസ്യതയും നിലനിർത്തണമെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *