ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചന ശ്രമവുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. മോചന ശ്രമത്തിൽ നിന്ന് ഇടപെടുന്നതിൽ നിന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെയും ആക്ഷൻ കൗൺസിൽ അഭിഭാഷകൻ അഡ്വ. കെആർ സുഭാഷ് ചന്ദ്രനെയും വിലക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചന ശ്രമത്തിനായി പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന സുവിശേഷകനാണ് സുപ്രിംകോടതിയിൽ ഹരജി നൽകിയ കെ.എ പോൾ. ഹരജിയിൽ സുപ്രിംകോടതി അറ്റോർണി ജനറലിനോട് നിലപാട് തേടി. ഇത് നിമിഷപ്രിയയുടെ ആവശ്യമാണെന്ന കെ.എ പോൾ സുപ്രിംകോടതിയിൽ അവകാശപ്പെട്ടു.ഓഗസ്റ്റ് 24നോ 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നും കെ.എ പോൾ സുപ്രിംകോടതിയിൽ നേരിട്ട് ഹാജരായി അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ പണപ്പിരിവ് നടത്തിയതിന് കെ.എ പോളിനെതിരെ കേന്ദ്ര സർക്കാർ ഫാക്ട് ചെക്ക് നടത്തിയിരുന്നു. പണപ്പിരിവിൽ കെ.എ പോളിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. പോളിന്റെ ഹരജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.
നിമിഷപ്രിയയുടെ മോചന ശ്രമം: മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
