നിമിഷപ്രിയയുടെ മോചനം; ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Oplus_16908288

ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ തേടി സേവ് നിമിഷപ്രിയ ആക്ഷൻ കൗണ്‍സില്‍ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്ബാകെയാണ് ഹർജി എത്തുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കും എന്നാണ് യെമെനില്‍ നിന്നും അവസാനമായി ലഭിച്ച വിവരം. ഇത് മരവിപ്പിക്കാനും നിമിഷ പ്രിയയെ മോചിപ്പിക്കാനും കേന്ദ്രസർക്കാർ ഇടപെടല്‍ തേടി അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ ആണ് ഹർജി നല്‍കിയിരിക്കുന്നത്. ഹർജിയില്‍ കേന്ദ്രസർക്കാർ വക്കാലത്ത് ഫയല്‍ ചെയ്തിട്ടുണ്ട്.നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ പരമാവധി ശ്രമങ്ങള്‍ തുടരുകയാണെന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചത്. വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കുമെന്ന അറിയിപ്പ് ഔദ്യോഗികമായി യെമൻ പുറത്തുവിട്ടിരുന്നു. നിലവില്‍ മോചന ശ്രമങ്ങള്‍ക്കായി ഒരാഴ്ച സമയം മാത്രമാണ് ഉള്ളത്. കൊല്ലപ്പെട്ട യെമൻ പൗരൻറെ കുടുംബത്തിന് ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങള്‍ സങ്കീർണ്ണമാണെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിശദീകരണം.യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ തടവില്‍ കഴിയുന്നത്. പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനില്‍ ജോലി ചെയ്യുന്നതിനിടെ യെമനി പൗരനെ തലാല്‍ അബ്ദു മെഹദിയെ കൊലപ്പെടുത്തി എന്നാണ് കേസ്. കുടുംബം മാപ്പ് നല്‍കിയാല്‍ വധശിക്ഷ റദ്ദാക്കാനാകും. സൗദിയിലെ ഇന്ത്യൻ എംബസിയാണ് നിലവില്‍ യെനിലെ ഇന്ത്യൻ എംബസി പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിമിഷ തടവില്‍ കഴിയുന്ന മേഖലയുള്‍പ്പടെ ഹൂത്തി നിയന്ത്രിത മേഖലയായതും നേരിട്ടുള്ള ഇടപെടലുകള്‍ക്ക് പരിമിതിയാണ്.നിമിഷപ്രിയയ്ക്കായി യെമനില്‍ നിയമനടപടികള്‍ ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തകൻ സാമുവല്‍ ജെറോമാണ് പബ്ലിക് പ്രോസിക്യൂഷൻ ഓഫീസില്‍ നിന്ന് ജയില്‍ അധികൃതർക്ക് വധ ശിക്ഷ നടപ്പാക്കുന്നുവെന്ന ഉത്തരവെത്തിയതായി അറിയിച്ചത്.നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടക്കുന്നതിനിടെയാണ് ഈ ഉത്തരവ് ജയിലില്‍ ലഭിച്ചത്. അതേസമയം, ഇപ്പോഴും മോചനത്തിന് അവസരമുണ്ടെന്നാണ് സാമുവല്‍ ജെറോം പറയുന്നത്. പത്ത് ലക്ഷം ഡോളർ ദയാധനം (ഏകദേശം 8 കോടിയിലധികം രൂപ ) നല്‍കിയാല്‍ ഇത് സാധ്യമാകുമെന്നാണ് സൂചന. യെമൻ പൗരൻറെ കുടുംബത്തെ നേരില്‍ക്കണ്ട് ചർച്ച നടത്തുന്നതിനായി നിമിഷയുടെ അമ്മ ഇപ്പോഴും യെമനില്‍ തുടരുകയാണ്. കുടുംബത്തിലെ എല്ലാ അംഗങ്ങളും മാപ്പുനല്‍കാന്‍ തയ്യാറായാല്‍ മാത്രമേ മോചനം സാധ്യമാകൂ. യെമെന്‍ പ്രസിഡന്റ് റാഷദ് അല്‍ അലിമി നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തവിട്ടതായി നേരത്തേ വാര്‍ത്തയുണ്ടായിരുന്നു. ഇതു പിന്നീട് ഇന്ത്യയിലെ യെമെന്‍ എംബസി നിഷേധിച്ചിരുന്നു. അതിനിടെ നിമിഷപ്രിയയുടെ മോചനത്തിനായി സേവ് നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. നെന്മാറ എംഎല്‍എ കെ. ബാബു കമ്മിറ്റിയുടെ ചെയർമാനാകും.2017 ജൂലൈ 25ന് യെമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയ തലാലിന്‍റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ടായിരുന്നു. എന്നാല്‍, ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം. തലാല്‍ തന്നെ വഞ്ചിച്ച്‌ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *