ഇടുക്കി ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ മാത്യു കുഴല്‍നാടന് വിജിലന്‍സ് നോട്ടീസ്.ജനുവരി 16ന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. ചിന്നക്കനാലില്‍ 50 സെന്‍റ് അധിക ഭൂമി കൈവശം വെച്ചതിനാണ് കേസ്. വിജിലൻസ് എടുത്ത കേസില്‍ പതിനാറാം പ്രതിയാണ് മാത്യു കുഴല്‍നാടൻ. ഇടുക്കി ചിന്നക്കനാലില്‍ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ചെന്ന കേസില്‍ മാത്യു കുഴല്‍നാടൻ എംഎല്‍എ ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്‌ട്രറേറ്റ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് ഭൂമി കേസില്‍ വിജിലന്‍സും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. ചിന്നക്കനാലിലെ റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.ഇടപാട് വഴി കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് ഈ വർഷം ആദ്യം ആണ് ഇഡി കേസില്‍ ഇസിഐആർ രജിസ്റ്റർ ചെയ്തത്. സ്ഥലത്തിന്‍റെ മുൻ ഉടമ ഉള്‍പ്പടെ മൂന്ന് പേരെ ഇഡി ചോദ്യം ചെയ്തിരുന്നു. വിജിലന്‍സ് എടുത്ത കേസിലെ കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷണ പരിധിയിലുള്ളത്. ഉടുമ്ബൻ ചോല തഹസില്‍ദാർ, ചിന്നക്കനാല്‍ വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെ ഉള്ള റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തിലാണ് സർക്കാർ ഭൂമി കൈയ്യേറിയതെന്നാണ് പരാതി.സർക്കാർ ഉദ്യോഗസ്ഥർ കൂടി പ്രതികളായ കേസില്‍ ആണ് ഇഡി അന്വേഷണം. ചിന്നക്കനാലില്‍ 50 സെന്റ് സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ചതെന്ന പരാതിയില്‍ വിജിലൻസ് അന്വേഷണം തുടരുന്നതിനിടെ ആണ് ഇഡി അന്വേഷണവും നടക്കുന്നത്. 2012 മുൻ ഉടമകളില്‍ നിന്ന് ഭൂമി വാങ്ങിയ മാത്യു കുഴല്‍നാടൻ സർക്കാർ ഭൂമി ആണെന്നറിഞ്ഞിട്ടും പോക്ക് വരവ് ചെയ്തുവെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ മകള്‍ വീണ ടി ക്കെതിരെ ഇഡി അന്വേഷണം തുടരുന്നതിനിടെ ആണ് മാസപ്പടി കേസില്‍ ശക്തമായ നിലപാടെടുത്ത കോണ്‍ഗ്രസ് എംഎല്‍എ ക്കെതിരെ വിജിലന്‍സ് അന്വേഷണവും ഇഡി അന്വേഷണവും നടക്കുന്നത്.
ചിന്നക്കനാല്‍ ഭൂമി കേസ്; മാത്യു കുഴല്‍നാടന് വിജിലന്‍സ് നോട്ടീസ്, ജനുവരി 16ന് ചോദ്യം ചെയ്യലിന് ഹാജരാകണം
