സൂരജ് ലാമയുടെ തിരോധാനം: അന്വേഷണം ഊര്‍ജിതമാക്കാൻ കോടതി നിര്‍ദ്ദേശം

കുവൈറ്റില്‍ നിന്ന് നാടു കടത്തിയതിനെ തുടർന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ ശേഷം കാണാതായ സൂരജ് ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെടുന്ന ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.ലാമയുടെ തിരോധാനം അന്വേഷിക്കുന്ന പ്രത്യേക സംഘവുമായി കൂടിക്കാഴ്ച നടത്തി ആവശ്യമായ നിർദ്ദേശങ്ങള്‍ നല്‍കാൻ ഹർജിക്കാരനായ മകൻ സാന്റോണ്‍ ലാമയ്‌ക്കും ബന്ധപ്പെട്ട അഭിഭാഷകർക്കും ഗവ. പ്ലീഡർക്കും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശം നല്‍കി. ലാമയെ കാണാതായിട്ട് ഒരു മാസം തികഞ്ഞു.ബെംഗളൂരുവില്‍ താമസിക്കുന്ന സൂരജ് ലാമ (59) ഒക്ടോബർ അഞ്ചിന് പുലർച്ചെ 2.15 നാണ് നെടുമ്ബാശ്ശേരിയില്‍ വിമാനമിറങ്ങിയത്. കുവൈറ്റ് വിഷ മദ്യ ദുരന്തത്തിനിരയായി ഓർമ്മ നഷ്ടപ്പെട്ട നിലയിലാണ് എത്തിയത്. അലഞ്ഞു നടന്നിരുന്ന സൂരജ് ലാമയെ തൃക്കാക്കര പൊലീസ് പിന്നീട് എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിപ്പിച്ചെങ്കിലും അവിടെ നിന്ന് ഇറങ്ങിപ്പോയ ശേഷം കാണാതാവുകയായിരുന്നു. എറണാകുളം റൂറല്‍ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. കോടതി നിർദേശത്തെ തുടർന്നാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *