ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം ഉടൻ സമര്‍പ്പിക്കാൻ അന്വേഷണ സംഘം. കുറ്റപത്രത്തിന്‍റെ കരട് തയ്യാറായി.ഈ മാസം ആദ്യം തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്‌ഐടി നീക്കം. ഇതിനിടെ, കേസിലെ മുഖ്യസാക്ഷികല്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കി. ജ്വല്ലറി ജീവനക്കാരനായ കല്‍പേഷ് അടക്കമുള്ളവരാണ് കോടതിയില്‍ രഹസ്യ മൊഴി നല്‍കിയത്. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനില്‍ നിന്നും സ്വര്‍ണം കല്‍പേഷാണ് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന് എത്തിച്ചത്. കേസില്‍ അറസ്റ്റിലായ ചിലരെ മാപ്പു സാക്ഷികളാക്കാനും നീക്കമുണ്ട്.ഉണ്ണികൃഷ്ണൻ പോറ്റിയുടെ അടുത്ത അനുയായികളും കേസില്‍ സാക്ഷികളാണ്. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഈ മാസം ഒമ്പതിന് നല്‍കും. കുറ്റപത്രം സമര്‍പ്പിക്കാൻ വൈകുന്നതില്‍ നേരത്തെ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതികള്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് പ്രതികള്‍ക്ക് സ്വഭാവിക ജാമ്യം ലഭിക്കുന്നതിലേക്ക് നയിച്ചിരുന്നു. പ്രതികള്‍ ഒരോരുത്തരായി ജാമ്യം തേടി പുറത്തിറങ്ങുകയാണ്. ഇതിനിടെയാണ് കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാനുള്ള നടപടികളുമായി എസ്‌ഐടി മുന്നോട്ടുപോകുന്നത്. അടുത്തയാഴ്ച കോടതിയില്‍ നല്‍കുന്ന അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നാണ് സൂചന.
ശബരിമല സ്വര്‍ണക്കൊള്ള കേസ്; കുറ്റപത്രത്തിന്‍റ കരട് തയ്യാറായി, മുഖ്യസാക്ഷികള്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി
