ശബരിമല സ്വര്‍ണക്കൊള്ള; പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണക്കൊള്ളയില്‍ പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. മുൻ ദേവസ്വം പ്രസിഡന്‍റ് എൻ വാസുവും തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവുമാണ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.കേസില്‍ സിപിഎം നേതാവ് എ പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള എസ്‌ഐടി അപേക്ഷ നാളെയാണ് പരിഗണിക്കുക.പ്രതിയായ എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച്‌ കോടതിയില്‍ ഹാജരാക്കിയതില്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്കും സാധ്യതയുണ്ടെന്നാണ് വിവരം. തിരുവനന്തപുരം എആര്‍ ക്യാമ്ബിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും വാസുവിനെ കൈവിലങ്ങ് അണിയിച്ച്‌ കൊല്ലത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികള്‍ക്ക് വെക്കണമെന്ന് ബിഎൻഎസ് നിയമത്തില്‍ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ നടപടിയാണിതെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. നടപടിയില്‍ ഡിജിപിക്കും അതൃപ്തിയുണ്ട്. പ്രതിയുടെ പ്രായം, ഏതൊക്കെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെയാണ് കൈവിലങ്ങ് വെക്കേണ്ടത് തുടങ്ങിയ നിയമകാര്യങ്ങളൊന്നും പരിഗണിക്കാതെ കൈവിലങ്ങ് വെച്ചത് സര്‍ക്കാരിനും അവമതിപ്പുണ്ടാക്കിയെന്നാണ് പറയുന്നത്. എസ്‌ഐടി ഉദ്യോഗസ്ഥരും അറിയാതെയാണ് ഇത് നടന്നതെന്നും എആര്‍ ക്യാമ്ബിലെ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സൂചന.എൻ വാസുവിന്റെ റിമാൻഡ് കാലാവധി ഇന്നലെ 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. കൊല്ലം വിജിലൻസ് കോടതിയാണ് റിമാൻഡ് കാലാവധി നീട്ടി ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *