കോണ്‍ഗ്രസ് കൌണ്‍സിലർ പ്രശോഭ് വത്സനെതിരായ ലൈംഗിക പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷൻ ഇടപെടല്‍. ദലിത് പെണ്‍കുട്ടിയെ കൗണ്‍സിലർ പീഡിപ്പിച്ച സംഭവത്തില്‍ ഡിജിപിയില്‍ നിന്നും ദേശീയ വനിതാ കമ്മീഷൻ വിശദീകരണം തേടി.അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും, ഇതുവരെ സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോർട്ട് നല്‍കണമെന്നുമാണ് നിർദ്ദേശം. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിയായ ശോഭ സുരേന്ദ്രന്റെ പരാതിയിന്മേലാണ് നടപടി.ജോലി വാഗ്ദാനം ചെയ്ത് പ്രശോഭ് തന്നെ പലതവണ പീഡിപ്പിച്ചുവെന്നും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. തന്റെ പേരില്‍ എംഎല്‍എമാർക്കും എംപിമാർക്കും ഒപ്പമുള്ള ചിത്രങ്ങള്‍ കാട്ടി രാഷ്ട്രീയ സ്വാധീനം പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. താൻ ഗർഭിണിയായപ്പോള്‍ പ്രശോഭ് ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകള്‍ നല്‍കി നിർബന്ധിച്ചുവെന്നും പരാതിയിലുണ്ട്.പരാതിയെത്തുടർന്ന് പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയും യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നതായി റിപ്പോർട്ടുകളുണ്ട്. ലൈംഗിക അതിക്രമ കേസില്‍ മുൻകൂർ ജാമ്യം തേടി പ്രശോഭ് മണ്ണാർക്കാട് എസ് ഇ എസ് ടി കോടതിയെ സമീപിച്ചിട്ചുണ്ട്. താൻ നിരപരാധിയാണെന്നും ഇത് രാഷ്ട്രീയ പ്രേരിതമായ കള്ളക്കേസാണെന്നുമാണ് ഇയാളുടെ വാദം.
കോണ്‍ഗ്രസ് കൗണ്‍സിലറിനെതിരായ യുവതിയുടെ പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷൻ റിപ്പോര്‍ട്ട് തേടി
