കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി.രാഷ്ട്രീയ കണ്‍സള്‍ട്ടൻസി സ്ഥാപനമായ ഐ-പാക്കിന്റെ (I-PAC) ഓഫീസുകളില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെയാണ് മമത ബാനർജി ആരോപണവുമായി രംഗത്തെത്തിയത്. ഐ-പാക് റെയ്ഡില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ഇത്തരമൊരു നീക്കം നടത്തിയതെന്ന് സുവേന്ദു അധികാരി ആരോപിച്ചു.കല്‍ക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട പണം സുവേന്ദു അധികാരി വഴി അമിത് ഷായുടെ അടുത്ത് എത്തിയിട്ടുണ്ട്; അതിനുള്ള തെളിവുകള്‍ എന്റെ പെൻഡ്രൈവുകളിലുണ്ട്’ എന്നായിരുന്നു മമതയുടെ ആരോപണം. ഈ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സുവേന്ദു അധികാരി നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ മറുപടി ലഭിക്കാത്തതിനെത്തുടർന്നാണ് അലിപൂർ കോടതിയില്‍ അദ്ദേഹം സിവില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
കല്‍ക്കരി കുംഭകോണ ആരോപണം: മമത ബാനര്‍ജിക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സുവേന്ദു അധികാരി
