വിവാഹം ഇന്ത്യൻ പൗരന്മാർ തമ്മില്‍ തന്നെയാകണമെന്നില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന വിധി. പങ്കാളികള്‍ക്ക് ഒരുമിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.തമിഴ്‌നാട് സ്വദേശിയെ വിവാഹം ചെയ്ത ശ്രീലങ്കൻ യുവതിയുടെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ഉത്തരവ്. യുവതിയെ നാടുകടത്തരുതെന്നും കോടതി നിർദേശിച്ചു.2018-ല്‍ ശ്രീലങ്കയില്‍ വെച്ചാണ് അബ്ദുള്‍ ജബ്ബാറും ഫാത്തിമ റിയാസയും വിവാഹിതരായത്. 2019-ല്‍ ഇന്ത്യൻ വിസയില്‍ ഫാത്തിമ തമിഴ്‌നാട്ടിലെത്തി. ഈ ദമ്ബതികള്‍ക്ക് രണ്ട് മക്കളുമുണ്ട്. പിന്നീട് യുവതിയുടെ ശ്രീലങ്കൻ പാസ്‌പോർട്ടിന്റെയും ഇന്ത്യൻ വിസയുടെയും കാലാവധി അവസാനിച്ചു. ഇന്ത്യൻ പൗരത്വത്തിനായി ഫാത്തിമ നല്‍കിയ അപേക്ഷ കേന്ദ്രസർക്കാർ തള്ളിയതിനെ തുടർന്നാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്.യുവതിക്ക് മുന്നില്‍ രണ്ട് വഴികളാണ് കോടതി മുന്നോട്ട് വെച്ചത്. ഇന്ത്യയില്‍ ഏഴുവർഷം പൂർത്തിയാകുമ്ബോള്‍ പൗരത്വത്തിന് അപേക്ഷ നല്‍കാം. പൗരത്വ നിയമത്തില്‍ ഇളവ് നല്‍കാൻ കേന്ദ്ര സർക്കാരിന് പ്രത്യേക അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അല്ലെങ്കില്‍ ശ്രീലങ്കൻ പാസ്‌പോർട്ട് പുതുക്കി ഇന്ത്യൻ വിസയ്ക്ക് വീണ്ടും അപേക്ഷിക്കാം. മാനുഷിക പരിഗണന നല്‍കി അധികൃതർ ഈ വിഷയത്തില്‍ അനുകൂലമായ നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഏത് വഴിയും സ്വീകരിക്കാൻ യുവതിക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി അറിയിച്ചു.
അതിര്‍ത്തി കടന്നും പ്രണയിക്കാമെന്ന് മദ്രാസ് ഹൈക്കോടതി; ‘വിവാഹം ഇന്ത്യൻ പൗരന്മാര്‍ തമ്മില്‍ തന്നെ ആകണമെന്നില്ല’
