ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ റിമാൻഡിലായിരുന്ന പ്രതിയെ കണ്ണൂർ സെൻട്രല്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ (43) ആണ് മരിച്ചത്. സെല്ലിനകത്ത് ചോര വാർന്ന നിലയില്‍ പുതച്ചു കിടക്കുകയായിരുന്ന ഇയാളെ പുലർച്ചെയാണ് ജയില്‍ അധികൃതർ കണ്ടത്.അടിയന്തരമായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.കേണിച്ചിറ സ്വദേശിനി ലിഷയെ (39) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജില്‍സണ്‍. കഴിഞ്ഞ അഞ്ചു മാസമായി ഇയാള്‍ കണ്ണൂർ സെൻട്രല്‍ ജയിലില്‍ റിമാൻഡ് തടവുകാരനായിരുന്നു. വാട്ടർ അതോറിറ്റി ജീവനക്കാരനായിരുന്നു ജില്‍സണ്‍. കടബാധ്യതയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ഈ വർഷം ഏപ്രിലിലാണ് കൊലപാതകം നടന്നത്. അറസ്റ്റിന് പിന്നാലെ ജില്‍സണ്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇന്നലെ രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച ശേഷമാണ് ജില്‍സണ്‍ കിടന്നത്. പുലർച്ചെ സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജയില്‍ അധികൃതർ പോലീസില്‍ വിവരമറിയിച്ചിട്ടുണ്ട്.മരണകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് അറിയിച്ചു.
ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂര്‍ ജയിലില്‍ മരിച്ച നിലയില്‍
