നടിയെ ആക്രമിച്ച കേസ്: ‘ശിക്ഷ റദ്ദാക്കണം’, രണ്ടാം പ്രതി മാര്‍ട്ടിൻ ആന്റണി നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ആന്റണി നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എട്ടാം പ്രതി ദിലീപിനെ വിട്ടയച്ച അതേ മാനദണ്ഡങ്ങള്‍ തനിക്കും ബാധകമാണെന്നാണ് പ്രതിയുടെ വാദം. ദിലീപ് നല്‍കിയ കോടതിയലക്ഷ്യ പരാതികള്‍ വിചാരണ കോടതിയും ഇന്ന് പരിഗണിക്കും.കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീലിനൊരുങ്ങുമ്ബോള്‍ ആണ് രണ്ടാം പ്രതിയുടെ അപ്പീല്‍ ഹൈക്കോടതിയിലെത്തുന്നത്. അതിജീവിതയെ കൂട്ടിക്കൊണ്ടുപോകാൻ ചുമതല നല്‍കിയ ഡ്രൈവർ എന്ന നിലയില്‍ മാത്രമാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്തുന്നതെന്നും കുറ്റകൃത്യം നടക്കുന്ന സമയത്ത് താൻ വാഹനത്തില്‍ ഉണ്ടായിരുന്നില്ലെന്നുമാണ് മാർട്ടിന്റെ വാദം. തനിക്ക് നടിയുമായി മുൻ വൈരാഗ്യമില്ലെന്നും ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെച്ചെന്നും അപ്പീലില്‍ പറയുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മാർട്ടിൻ അടക്കമുള്ള ആറ് പ്രതികളെ 20 വർഷം തടവിനാണ് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ശിക്ഷിച്ചത്. കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളായ എച്ച്‌ സലീം, പ്രദീപ് എന്നിവരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.കേസില്‍ പ്രതിയായിരുന്ന ദിലീപ് അന്വേഷണ ഉദ്യോഗസ്ഥൻ, കേസുമായി ബന്ധപ്പെട്ട വാർത്തകള്‍ റിപ്പോർട്ട് ചെയ്ത മാധ്യമസ്ഥാപനങ്ങള്‍, മാധ്യമപ്രവർത്തകർ എന്നിവർക്കെതിരെയാണ് കോടതിയലക്ഷ്യ പരാതികള്‍ നല്‍കിയത്. ഈ പരാതികളാണ് കേസില്‍ വിധി പറഞ്ഞ ജഡ്ജ് ഹണി എം വർഗീസ് ഇന്ന് വീണ്ടും പരിഗണിക്കുക. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടച്ചിട്ട കോടതി മുറിയിലെ വാദങ്ങള്‍ ചോര്‍ത്തിയെന്നും, കോടതിയില്‍ പറയാത്തത് പോലും ചാനലുകളില്‍ പ്രചരിപ്പിച്ചു എന്നുമാണ് ദിലീപിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *