യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സംഭവം; ബെയ്‌ലിൻ ദാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച്‌ പൊലീസ്

വഞ്ചിയൂർ കോടതിയിലെ യുവ അഭിഭാഷകയെ മർദിച്ച കേസില്‍ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെതിരെയാണ് വഞ്ചിയൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.സ്ത്രീത്വത്തെ അപമാനിക്കല്‍, കയ്യേറ്റം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചതെന്നാണ് വിവരം.കഴിഞ്ഞ മെയ് 13 നായിരുന്നു ജൂനിയർ അഭിഭാഷകയ്ക്ക് മർദനമേറ്റത്. വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷക ശ്യാമിലിയെയാണ് സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ അതിക്രൂരമായി മർദിച്ചത്. വഞ്ചിയൂർ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫീസില്‍വെച്ചായിരുന്നു സംഭവം. ശ്യാമിലിയും അഭിഭാഷകനും തമ്മില്‍ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് യുവതിയെ മർദിച്ചതെന്നാണ് മർദനമുണ്ടായത്.മോപ് സ്റ്റിക് കൊണ്ട് ബെയ്‌ലിൻ മർദിച്ചുവെന്നാണ് ശ്യാമിലിയുടെ പരാതി. നിരവധി തവണ മർദിച്ചുവെന്നും മൂന്നാമത്തെ അടിക്കു ശേഷം ബോധം നഷ്ടപ്പെട്ടുവെന്നും യുവതി പരാതിയില്‍ വിശദമാക്കി. അഭിഭാഷകന്റെ ഓഫീസില്‍ സഹപ്രവർത്തകർ നോക്കി നില്‍ക്കെയായിരുന്നു ക്രൂരമർദനം. പിടിച്ച്‌ നിർത്തി മുഖത്ത് കൈ കൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. ഗർഭിണിയായിരിക്കെ വക്കീല്‍ ഓഫീസിനകത്ത് വെച്ച്‌ നേരത്തെയും തന്നെ ബെയ്‌ലിൻ ദാസ് മർദിച്ചിരുന്നുവെന്നും അഭിഭാഷക വെളിപ്പെടുത്തിയിരുന്നു.സംഭവത്തെ തുടർന്ന് ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്‌പെൻഡ് ചെയ്തിരുന്നു. ഒളിവില്‍ പോയ ബെയലിൻ ദാസിനെ മൂന്നു ദിവസത്തിനു ശേഷം തുമ്ബ പൊലീസ് ആയിരുന്നു പിടികൂടിയത്. പ്രതിക്ക് പിന്നീട് മൂന്നു ദിവസത്തെ ജയില്‍ വാസത്തിനു ശേഷം തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *