റോഹിംഗ്യൻ അഭയാർഥികളെ കുറിച്ച് അടുത്തിടെ നടത്തിയ പരാമർശങ്ങളില്‍ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്ത്.മുൻ ജഡ്ജിമാർ, അഭിഭാഷകർ, ക്യാമ്ബയിൻ ഫോർ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് എന്ന സംഘടനയുമാണ് ചീഫ് ജസ്റ്റിസിന് തുറന്ന കത്തെഴുതിയത്. റോഹിംഗ്യകളുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഒരു ഹർജിയില്‍ ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. റോഹിംഗ്യകളെ അഭയാർഥികളായി പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യ ഗവണ്‍മെന്റ് എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്നാണ് ഡിസംബർ രണ്ടിന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ചോദിച്ചത്.”റോഹിംഗ്യകളെ അഭയാർഥികളാണ് പ്രഖ്യാപിച്ചുകൊണ്ടുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ഉത്തരവ് എവിടെ? അഭയാർഥി എന്നത് വ്യക്തമായി നിർവചിക്കപ്പെട്ട ഒരു നിയമപരമായ പദമാണ്. ഇത് പ്രഖ്യാപിക്കാൻ സർക്കാരിനാണ് അധികാരം. നിയമപരമായ അഭയാർഥി പദവിയില്ലെങ്കില്‍ അയാള്‍ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച നുഴഞ്ഞുകയറ്റക്കാരനാണെങ്കില്‍ അയാളെ നിലനിർത്താൻ നമുക്ക് ബാധ്യതയുണ്ടോ?”- ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു.റോഹിംഗ്യകളെ നിയമവിരുദ്ധ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ചാണ് മുൻ ജഡജിമാരും അഭിഭാഷകരും ചീഫ് ജസ്റ്റിസിന് കത്തയച്ചത്. ബെഞ്ചിന്റെ പരാമർശങ്ങള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കത്തില്‍ പറയുന്നു. റോഹിംഗ്യൻ അഭയാർഥികളുടെ തുല്യമായ മാനവികതയും തുല്യമായ മനുഷ്യാവകാശങ്ങളും ഭരണഘടനയാലും നമ്മുടെ നിയമങ്ങളാലും അന്താരാഷ്ട്ര നിയമങ്ങളാലും സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. റോഹിംഗ്യൻ അഭയാർഥികളുടെ നിയമപരമായ പദവിയെ ചോദ്യം ചെയ്യുക, അവരെ ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിക്കുന്ന നുഴഞ്ഞുകയറ്റക്കാരുമായി താരതമ്യം ചെയ്യുക, അനധികൃതമായി പ്രവേശിക്കാൻ തുരങ്കം ഉണ്ടാക്കുന്നവരെക്കുറിച്ചുള്ള പരാമർശങ്ങള്‍, അത്തരത്തില്‍ പ്രവേശിക്കുന്നവർക്ക് ഭക്ഷണത്തിനും താമസത്തിനും വിദ്യാഭ്യാസത്തിനും അർഹതയുണ്ടോ എന്ന ചോദ്യങ്ങള്‍, അഭയാർഥികള്‍ക്ക് ഭരണഘടനാപരമായി ഉറപ്പുനല്‍കുന്ന അടിസ്ഥാനപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് രാജ്യത്തെ ദാരിദ്ര്യത്തെ കാരണമായി ഉദ്ധരിക്കുന്നതിനെയും കത്തില്‍ വിമർശിക്കുന്നുണ്ട്.റോഹിംഗ്യൻ ജനതയെ ഐക്യരാഷ്ട്രസഭ ‘ലോകത്തിലെ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷം’ എന്നാണ് വിശേഷിപ്പിച്ചതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാൻമറിലെ ഒരു വംശീയ ന്യൂനപക്ഷമാണ് അവർ. പതിറ്റാണ്ടുകളായി അവർ അക്രമവും വിവേചനവും സഹിക്കുന്നു. പൗരത്വം നിഷേധിക്കപ്പെട്ട റോഹിങ്ക്യക്കാർ രാജ്യരഹിതരാണ്. വംശീയ ഉന്മൂലനമെന്നും സായുധ സേനയുടെ കൈകളാലുള്ള വംശഹത്യയെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി വിശേഷിപ്പിച്ച സംഭവങ്ങളില്‍ നിന്ന് രക്ഷനേടാൻ, കഴിഞ്ഞ നിരവധി വർഷങ്ങളായി പലതരം പ്രവാഹങ്ങളായി അവർ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. നൂറ്റാണ്ടുകളായി അഭയം തേടിയെത്തിയ മുൻഗാമികളെപ്പോലെ, അടിസ്ഥാനപരമായ സുരക്ഷിതത്വം തേടി അവർ ഇന്ത്യയിലേക്കും പലായനം ചെയ്യുന്നു.ചീഫ് ജസ്റ്റിസ് ഒരു നിയമപരമായ ഉദ്യോഗസ്ഥൻ മാത്രമല്ല, ദരിദ്രരുടെയും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുടെയും പാർശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങളുടെ കാവല്‍ക്കാരനും അന്തിമ മധ്യസ്ഥനും കൂടിയാണ് എന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ രാജ്യത്തിന്റെ മനസ്സാക്ഷിയില്‍ വലിയ സ്വാധീനം ചെലുത്തുന്നു എന്നും ഈ കത്തില്‍ പറയുന്നു.ഡല്‍ഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ.പി ഷാ, മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി കെ.ചന്ദ്രു, പട്‌ന ഹൈക്കോടതി മുൻ ജഡ്ജി അഞ്ജന പ്രകാശ്, നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി മുൻ ഡയറക്ടർ മോഹൻ ഗോപാല്‍, മുതിർന്ന അഭിഭാഷകരായ രാജീവ് ധവാൻ, ചന്ദർ ഉദയ് സിങ്, കോളിൻ ഗോണ്‍സാല്‍വസ്, കാമിനി ജയ്‌സ്വാള്‍, മിഹിർ ദേശായ്, ഗോപാല്‍ ശങ്കർ നാരായണ്‍, ഗൗതം ഭാട്ടിയ തുടങ്ങിയവരാണ് കത്തില്‍ ഒപ്പുവെച്ചത്.
റോഹിംഗ്യകളെ കുറിച്ചുള്ള പരാമര്‍ശം; ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് മുൻ ജഡ്ജിമാരുടെയും അഭിഭാഷകരുടെയും കത്ത്
