നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ കേന്ദ്രീകരിച്ച് നടന്ന വൻ ലഹരിവേട്ടയില്‍ പ്രമുഖർ ഉള്‍പ്പെടെ എട്ടുപേർ പിടിയിലായി.പിടിയിലായവരില്‍ ഒരു ദന്ത ഡോക്ടർ, അഭിഭാഷകൻ, ഇവന്റ് മാനേജ്മെന്റ് ഉടമ, ഏവിയേഷൻ വിദ്യാർത്ഥി എന്നിവർ ഉള്‍പ്പെടുന്നു.രഹസ്യവിവരത്തെത്തുടർന്ന് കടവന്ത്ര പോലീസും ഡാൻസാഫ് (DANSAF) സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവതികള്‍ അടങ്ങുന്ന സംഘം പിടിയിലായത്.തിരുവനന്തപുരം ശംഖുമുഖം സ്വദേശിയും ഇവന്റ് മാനേജ്മെന്റ് ഉടമയുമായ ഷാജി ഫെർണാണ്ടോ, കലൂർ സ്വദേശി ഓസ്റ്റിൻ ജോസ്, അഭിഭാഷകനായ രോഹിത് നായർ, കൊടുങ്ങല്ലൂർ സ്വദേശി ജിനോ മുരളി, നൂറനാട് സ്വദേശിയായ ന്യൂട്രീഷ്യൻ അക്ബർ ഷാ, ദന്ത ഡോക്ടർ ബെൻസി റാവൂത്തർ, കൊല്ലം സ്വദേശിനിയായ ഫിസിയോതെറാപ്പിസ്റ്റ് സെയ്തലവി ഫാത്തിമ, ഏവിയേഷൻ വിദ്യാർത്ഥി അമല്‍ റൗഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് കൊക്കെയ്ൻ, മെത്താഫിറ്റമിൻ, ഹൈബ്രിഡ് കഞ്ചാവ്, എക്സ്റ്റസി പില്‍സ് എന്നിവ പോലീസ് പിടിച്ചെടുത്തു.പിടിയിലായവരില്‍ ഷാജി ഫെർണാണ്ടോ എന്ന ഷോണ്‍ ആണ് ലഹരിമരുന്ന് വിതരണത്തിലെ പ്രധാന കണ്ണിയെന്ന് പോലീസ് സംശയിക്കുന്നു. യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചാണ് ഇവർ ലഹരി വില്പന നടത്തിയിരുന്നത്. കടവന്ത്ര എസ്.എച്ച്.ഒ ആർ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. കൊച്ചിയിലെ ഉയർന്ന സാമ്ബത്തിക ശ്രേണിയിലുള്ളവർക്കിടയില് ലഹരിമരുന്ന് എത്തുന്ന വഴികളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊച്ചിയില്‍ വൻ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉള്‍പ്പെടെ എട്ടുപേര്‍ പിടിയില്‍
