സിന്‍ഡിക്കേറ്റിന് മുകളിലാണോ വി സിയുടെ അധികാരം?; രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത് ചോദ്യം ചെയ്ത് ഹൈക്കോടതി

കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറെ നിയമവിരുദ്ധമായി സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടിക്കെതിരെ ആഞ്ഞടിച്ച്‌ ഹൈക്കോടതി.സസ്പെൻഷൻ അധികാരം സിൻഡിക്കേറ്റിനാണെന്ന് ജസ്റ്റിസ് ടി ആർ രവി പറഞ്ഞു. സസ്പെൻഡ് ചെയ്തത് എന്ത് അധികാരം ഉപയോഗിച്ചെന്ന് ചോദിച്ച കോടതി ചിലർക്ക് വാശിയാണെന്നും വിമർശിച്ചു.തന്നെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലർ ഡോക്ടർ മോഹനൻ കുന്നുമ്മലിന്റെ നടപടി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർ ഡോക്ടർ കെ എസ് അനില്‍കുമാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. തന്‍റെ നടപടി നിയമപരമാണെന്നായിരുന്നു വി സിയുടെ വാദം.എന്നാല്‍ കോടതി ആ വാദം അംഗീകരിച്ചില്ല. രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം സിൻഡിക്കേറ്റിനല്ലേ എന്ന് കോടതി ചോദിച്ചു. വൈസ് ചാൻസലർ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത് എന്ത് അധികാരമുപയോഗിച്ചാണ്. സിൻഡിക്കേറ്റ് മുകളിലല്ല വിസിയുടെ അധികാരം എന്നും കോടതി പറഞ്ഞു. സിൻഡിക്കേറ്റിനു വേണ്ടിയാണ് വി സി സസ്പെൻഷൻ ഓർഡർ ഇറക്കുന്നത്. രജിസ്ട്രാറുടെ സസ്പെൻഷൻ നടപടി സിൻഡിക്കേറ്റ് റദ്ദാക്കിയാല്‍ എല്ലാ അവസാനിച്ചുവല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി.രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയത് സിൻഡിക്കേറ്റ് അവർക്കുള്ള അധികാരം ഉപയോഗിച്ചാണെന്ന് കോടതി ഓർമിപ്പിച്ചു . സസ്പെൻഷൻ വിവരം സിൻഡിക്കേറ്റിനെ അറിയിച്ചാല്‍ വി സി യുടെ ഉത്തരവാദിത്വം പൂർത്തിയായി. തുടർ തീരുമാനമെടുക്കാനുള്ള അധികാരം സിൻഡിക്കേറ്റിന് തന്നെയാണെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ചിലർക്ക് വാശിയാണെന്നും വാദങ്ങള്‍ വസ്തുനിഷ്ഠം അല്ലെന്നും കോടതി വിമർശിച്ചു. കൂടുതല്‍ വാദത്തിനായി ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *