ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ്: എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കാന്‍ രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് മൊഴി നല്‍കുക. മൊഴി നല്‍കാൻ തയ്യാറാണെന്ന് ചെന്നിത്തല എസ്‌ഐടിയെ അറിയിച്ചതിനു പിന്നാലെയാണ് ഇത്. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്ന് ചെന്നിത്തല പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ്.ക്ഷേത്രങ്ങളില്‍ നിന്ന് പുരാവസ്തുക്കള്‍ മോഷ്ടിച്ചു കടത്തി രാജ്യാന്തര കരിഞ്ചന്തയില്‍ കോടിക്കണക്കിന് രൂപയ്ക്കു വില്‍ക്കുന്ന ഒരു സംഘവുമായി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച്‌ പ്രത്യേക അന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി എച്ച്‌.വെങ്കടേഷിന് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം ചെന്നിത്തലയുമായി ബന്ധപ്പെട്ടത്.ഇത്തരം സാധാനങ്ങള്‍ മോഷ്ടിച്ച്‌ രാജ്യാന്തര കരിഞ്ചന്തയില്‍ വില്‍ക്കുന്നവരെക്കുറിച്ച്‌ നേരിട്ട് അറിയുന്ന ഒരാളില്‍ നിന്ന് വിവരം ലഭിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കത്തു നല്‍കുന്നതെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ വ്യക്തി ഇക്കാര്യം പൊതുജനമധ്യത്തില്‍ പറയാൻ തയ്യാറല്ലെന്നും പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *