കേരളത്തെ നടുക്കിയ കോട്ടാങ്ങല്‍ ടിഞ്ചു മൈക്കിള്‍ കൊലക്കേസില്‍ പത്തനംതിട്ട കോടതി ഇന്ന് വിധി പ്രസ്താവിക്കും.തടിക്കച്ചവടക്കാരനായ കോട്ടാങ്ങല്‍ സ്വദേശി നസീർ പ്രതിയായ കേസില്‍, ടിഞ്ചുവിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തല്‍. 2019 ഡിസംബർ 15-ന് നടന്ന സംഭവം ആത്മഹത്യയാണെന്നായിരുന്നു ലോക്കല്‍ പോലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ ടിഞ്ചുവിന്റെ സുഹൃത്ത് നല്കിയ പരാതിയില്‍ 2020 ഫെബ്രുവരിയില്‍ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.ഭർത്താവുമായി പിരിഞ്ഞ് സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു ടിഞ്ചു. സുഹൃത്ത് വീട്ടിലില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറിയ പ്രതി, ടിഞ്ചുവിനെ കട്ടിലില്‍ തലയിടിപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി വീടിന്റെ മേല്‍ക്കൂരയിലെ ഇരുമ്പ് കൊളുത്തില്‍ കെട്ടിത്തൂക്കി മരണം ഉറപ്പാക്കി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ യുവതിയുടെ ശരീരത്തില്‍ 53 മുറിവുകള്‍ കണ്ടെത്തിയത് പീഡനത്തിന്റെ ഭീകരത വ്യക്തമാക്കുന്നതായിരുന്നു.സംഭവം നടന്ന് 20 മാസങ്ങള്‍ക്ക് ശേഷം 2021 ഒക്ടോബറിലാണ് പ്രതി നസീറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ശാസ്ത്രീയമായ തെളിവുകളുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തില്‍ കൊലപാതക കുറ്റം തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. നീണ്ട വിചാരണ പൂർത്തിയായ സാഹചര്യത്തില്‍ കോടതിയുടെ വിധി എന്താകുമെന്ന ആകാംക്ഷയിലാണ് പ്രദേശവാസികളും ടിഞ്ചുവിന്റെ കുടുംബവും.
ടിഞ്ചു മൈക്കിള്‍ കൊലക്കേസ്: പത്തനംതിട്ട കോടതി ഇന്ന് വിധി പറയും
