രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തല്‍; ജീവന് സംരക്ഷണം വേണം, ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി വി കുഞ്ഞികൃഷ്ണൻ

രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തി പാർട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണൻ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയില്‍ ഹർജി നല്‍കി.ഫെബ്രുവരി നാലിനു നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിന് സംരക്ഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. പാർട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നില്‍ സിപിഎമ്മുകാർ പ്രകടനം നടത്തിയിരുന്നു. നിരന്തരം ഭീഷണി സന്ദേശങ്ങള്‍ എത്തിയതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിലെത്തിയത്. ഫെബ്രുവരി നാലിനാണ് പുസ്തക പ്രകാശന ചടങ്ങ്. അതിനിടെ, വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൻ്റെ ഉള്ളടക്കം പുറത്തുവന്നു.ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സിപിഎം നേതാക്കള്‍ മാറിയെന്ന് വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തില്‍ പറയുന്നു. തീവെട്ടി കൊള്ളക്കാരെ സംരക്ഷിക്കാൻ നേതൃത്വം സംഘടനാതത്വങ്ങള്‍ നിർലജ്ജം ഉപയോഗിക്കുകയാണ്. പയ്യന്നൂർ എംഎല്‍എ ടിഐ മധുസൂദനൻ ബൂർഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണെന്നും പുസ്തകത്തിലുണ്ട്. അടുത്ത ബുധനാഴ്ച പുസ്തകം പയ്യന്നൂരില്‍ പ്രകാശനം ചെയ്യും. രക്തസാക്ഷി ഫണ്ട് തട്ടിപ്പുള്‍പ്പെടെ സാമ്ബത്തിക ക്രമക്കേടുകളും അതിന്റെ വിശദമായ കണക്കുകളുമാണ് “നേതൃത്വത്തെ അണികള്‍ തിരുത്തണ”മെന്ന പുസ്തകത്തില്‍ പ്രധാനമായും ഉള്ളത്. ഇതിനൊപ്പമാണ് പാർട്ടി നേതൃത്വത്തെയും വിമർശിക്കുന്നത്.സിപിഎമ്മിനെ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതാക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിച്ചു. ഒരു സാധാരണ തെരഞ്ഞെടുപ്പ് പാർട്ടിയായി സിപിഎം മാറി. നേതാക്കള്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി. അവരെക്കുറിച്ച്‌ പഠിച്ചാല്‍ ഒരു പ്രബന്ധം തന്നെ തയ്യാറാക്കാനുണ്ടെന്ന് പുസ്തകത്തില്‍ പറയുന്നു. 16 അധ്യായങ്ങളും 96 പേജുമുള്ള പുസ്തകത്തില്‍ പയ്യന്നൂർ എംഎല്‍എ ടിഐ മധുസൂദനെ നിശിതമായാണ് വിമർശിക്കുന്നത്. എതിർക്കുന്നവരോട് മരണംവരെ പകവച്ചുപുലർത്തുന്ന ആളാണ് എംഎല്‍എയെന്നും ബൂർഷ്വാ രാഷ്ട്രീയ നേതാവിൻ്റെ ശൈലിയാണെന്നതടക്കം വിമർശനങ്ങള്‍ നീളുന്നു.പയ്യന്നൂരിലെ പാർട്ടി നന്നാവണമെങ്കില്‍ ടിഐ മധുസൂദനൻ ആദ്യം നന്നാവണം. ആശ്രിതരെ സൃഷ്ടിക്കുന്ന ബൂർഷ്വാ രാഷ്ട്രീയ ശൈലിയാണ് മധുസൂദനന്. ഞാനാണ് പാർട്ടി ഞാൻ പറയുന്നതെ നടപ്പാവൂ എന്നാണ് രീതി. അപമാനിക്കപ്പെട്ടിട്ടും ഒന്നിച്ചുപോകാൻ ശ്രമിച്ചിട്ടും പയ്യന്നൂരിലെ വിഭാഗീയതയുടെ അടിസ്ഥാന കാരണം മനസ്സിലാക്കാൻ പാർട്ടി ജില്ലാ നേതൃത്വം തയ്യാറായില്ല. പാർട്ടിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പാർട്ടി സഖാക്കള്‍ക്കാണെന്ന് നേതൃത്വം ഇടയ്ക്കിടെ ഓർമിപ്പിക്കാറുണ്ട്. അത് ആത്മാർത്ഥമാണെന്ന് കരുതിയാണ് തെറ്റുകള്‍ ചൂണ്ടിക്കാട്ടിയത്. നേതാക്കള്‍ തെറ്റ് ചെയ്താല്‍ മിണ്ടരുതെന്ന് അനുഭവങ്ങള്‍ പഠിപ്പിച്ചുവെന്നും വി കുഞ്ഞികൃഷ്ണൻ പുസ്തകത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *