മൂവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്സന്‍റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച്‌ പരാതി; ജോയ്സ് മേരി ആന്‍റണിയെ അയോഗ്യയാക്കണമെന്ന് ഹര്‍ജി

മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സന്‍റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച്‌ പരാതി. ജോയ്സ് മേരി ആന്‍റണിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് പുള്ളോർകുടിയില്‍ പി വി ഷാജി നല്‍കിയ ഹർജി, മൂവാറ്റുപുഴ മുൻസിഫ് കോടതി ഫയലില്‍ സ്വീകരിച്ചു.നാമനിർദ്ദേശ പത്രികയില്‍ തെറ്റായ വിദ്യാഭ്യാസ യോഗ്യത ചേർത്തുവെന്നാണ് ഹര്‍ജിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കേരള മുനിസിപ്പാലിറ്റി ആക്ടിന്‍റെ സെക്ഷൻ 164 പ്രകാരം ചെയർപേഴ്സണെ അയോഗ്യയാക്കണം എന്നാണ് പരാതിക്കാരന്‍റെ ആവശ്യം.നാമനിർദ്ദേശ പത്രികയോടൊപ്പമുള്ള ഫോറത്തില്‍ ജോയ്സ് മേരി നല്‍കിയ വിദ്യാഭ്യാസ യോഗ്യത സീനിയർ സെക്കൻഡറിയാണ്. എന്നാല്‍, അനുബന്ധമായ മറ്റൊരു കോളത്തില്‍ നല്‍കിയിരിക്കുന്നത് ബി.ബി.എ (അരുണോദയ യൂണിവേഴ്സിറ്റി) എന്നാണ്. ഈ പ്രസ്താവന വ്യാജമാണെന്ന് ഹർജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ആസ്തികളും ബാധ്യതകളും സംബന്ധിച്ച പ്രസ്താവനയില്‍ പൊരുത്തക്കേടുള്ളതായും ആരോപണമുണ്ട്. അതുകൊണ്ടുതന്നെ ജോയ്സിന്‍റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *