കൊല്ലം ചവറയിലെ കുടുംബ കോടതി ജഡ്ജി ഉദയകുമാറിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.ആദ്യം പരാതിക്കാരില്‍ നിന്ന് വിവരം ശേഖരിക്കും. ചവറയിലെ കുടുംബ കോടതിയില്‍ വിവാഹമോചന കേസിന് ഹാജരായ യുവതികളോട് അപമര്യാദയായി പെരുമാറിയെന്നതാണ് ജഡ്ജി ഉദയകുമാറിനെതിരായ പരാതി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള റജിസ്ട്രാറാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ ജുഡീഷ്യറി സമർപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരിക്കും ഹൈക്കോടതി അടുത്ത ചൊവ്വാഴ്‌ച അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി പരിഗണിക്കുക.ലൈംഗികാതിക്രമ പരാതിയില്‍ ആദ്യഘട്ട നടപടി എന്ന നിലയില്‍ ജഡ്ജിയെ മറ്റൊരു കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടാണ് ജഡ്ജി ഉദയകുമാറിനെ കൊല്ലം എംഎസിടി കോടതിയിലേക്ക് സ്ഥലം മാറ്റിയത്. സംഭവത്തില്‍ കൊല്ലത്തെ ബാർ അസോസിയേഷനിലും രൂക്ഷ വിമർശനങ്ങള്‍ ഉയരുന്നുണ്ട്.ആഗസ്റ്റ് 19നാണ് ജഡ്ജി ഉദയകുമാറിനെതിരെ പരാതി ലഭിക്കുന്നത്. ചേംബറില്‍ എത്തിയ വനിതാ കക്ഷിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ജില്ലാ ജഡ്ജിക്കായിരുന്നു യുവതി പരാതി നല്‍കിയത്. പിന്നീട് ഇത് ഹൈക്കോടതിക്ക് കൈമാറി. തുടർന്ന്, ആഗസ്റ്റ്20നാണ് ജഡ്ജിയെ സ്ഥലം മാറ്റിയത്. പരാതിയില്‍ ഹൈക്കോടതി അന്വേഷണം തുടരുകയാണ്.
കുടുംബ കോടതി ജഡ്ജിക്കെതിരെ ലൈംഗികാതിക്രമ പരാതി; അന്വേഷണം ആരംഭിച്ചു
