ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം; സര്‍ക്കാരിന് തിരിച്ചടി, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

ജീവനക്കാരുടെ വിവരങ്ങള്‍ ചോർത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്കിലെ വിവരങ്ങള്‍ ലഭിച്ചുവെന്നും വ്യക്തിഗത വിവരങ്ങള്‍ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻ കാല ഉത്തരവുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ വിവരങ്ങള്‍ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്ന് ഹൈക്കോടതി ചോദിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഗുരുതരമായ ആരോപണമാണെന്നും വീണ്ടും സന്ദേശങ്ങള്‍ അയയ്ക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. എവിടെ നിന്നാണ് ഈ വിവരങ്ങള്‍ കിട്ടിയതെന്ന് സർക്കാറിനോട് കോടതി ചോദിച്ചു. വിഷയത്തില്‍ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി നോട്ടീസ് അയച്ചു.സർക്കാർ നടപടി പ്രഥമദൃഷ്ട്യാ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ആളുകള്‍ക്ക് ആവശ്യമില്ലാത്ത വിവരങ്ങളാണ് സർക്കാർ പ്രചരിപ്പിക്കുന്നതെന്നും പറഞ്ഞ കോടതി, ഈ വിവരങ്ങള്‍ നിങ്ങള്‍ക്ക് എങ്ങനെ കിട്ടിയെന്ന് സർക്കാറിനോട് ആവർത്തിച്ച്‌ ചോദിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയില്‍ അറിയിച്ചു. ഓഫീസില്‍ നിന്ന് ഓരോ വ്യക്തിക്കും എത്ര സന്ദേശങ്ങള്‍ അയച്ചുവെന്ന വിവരം വിശദമാക്കി സത്യവാങ്മൂലം നല്‍കാൻ സർക്കാരിന് നിർദേശം നല്‍കി. വെള്ളിയാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *