മോഷണത്തിനായി കൊലപാതകം; മനോരമ വധക്കേസില്‍ ബംഗാള്‍ സ്വദേശിക്ക് ജീവപര്യന്തം

കേശവദാസപുരം മനോരമ വധക്കേസില്‍ പ്രതിയായ ബംഗാള്‍ സ്വദേശി ആദം അലിക്ക് കോടതി ജീവപര്യന്തം കഠിനതടവും 90,000 രൂപ പിഴയും വിധിച്ചു.പിഴത്തുകയായ 90,000 രൂപ മനോരമയുടെ ഭര്‍ത്താവിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. അതിനിടെ, കോടതി നടപടികള്‍ക്കിടെ തിരുവനന്തപുരം നാലാം അതിവേഗ കോടതിയില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ആദം അലിയെ ഉടന്‍ തന്നെ പിടികൂടി. 2021-ലാണ് കേശവദാസപുരം രക്ഷാപുരി റോഡിലെ മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യയായ മനോരമയെ (68) ബംഗാളിലെ കുച്ച്‌ ബിഹാര്‍ സ്വദേശിയായ ആദം അലി കത്തി ഉപയോഗിച്ച്‌ കഴുത്തില്‍ കുത്തി കൊലപ്പെടുത്തിയത്. മോഷണമായിരുന്നു കൊലപാതക ലക്ഷ്യം.മനോരമയുടെ വീടിനടുത്ത് നിര്‍മ്മാണം നടക്കുന്ന വീട്ടിലെ ജോലിക്കാരനായിരുന്നു ആദം അലി. ഇയാളുള്‍പ്പെടെ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളാണ് അവിടെ ജോലിക്ക് എത്തിയിരുന്നത്. ഒരു മാസത്തോളം മനോരമയുടെ വീട്ടില്‍ വെള്ളമെടുക്കാന്‍ വന്നിരുന്നതിനാല്‍ വീടിനെക്കുറിച്ചും താമസക്കാരെക്കുറിച്ചും പ്രതിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. മനോരമയുടെ ഭര്‍ത്താവ് വര്‍ക്കലയിലുള്ള മകളുടെ വീട്ടില്‍ പോയ സമയത്താണ് വീടിന്റെ പിന്നില്‍ വച്ച്‌ കൊലപാതകം നടത്തിയത്. കൊലപാതകത്തിനു ശേഷം മൃതദേഹം വലിച്ചിഴച്ച്‌ തൊട്ടടുത്തുള്ള കിണറ്റില്‍ തള്ളുകയും, മൃതദേഹം പൊങ്ങിവരാതിരിക്കാനായി കാലില്‍ ഇഷ്ടിക കെട്ടുകയും ചെയ്തു. കൊലപാതകത്തിന് ശേഷം തിരുവനന്തപുരത്തുനിന്ന് ബംഗാളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ആദം അലിയെ, ചെന്നൈയില്‍ വെച്ച്‌ റെയില്‍വേ സുരക്ഷാ സേനയാണ് പിടികൂടിയത്. കൂടെ ജോലി ചെയ്തവരെ ചോദ്യം ചെയ്തും സി.സി.ടി.വി. കേന്ദ്രീകരിച്ചുമുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ സഹായിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *