പിഞ്ചുകുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്നകേസ്: അമ്മ ശരണ്യ കുറ്റക്കാരി, കാമുകന്‍ നിധിനെ കോടതി വെറുതെ വിട്ടു

തയ്യിലില്‍ ഒന്നരവയസുകാരനായ മകനെ കടലിലെറിഞ്ഞു കൊന്ന കേസില്‍ അമ്മ ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി. രണ്ടാം പ്രതിയും ശരണ്യയുടെ ആണ്‍ സുഹൃത്തുമായ നിധിനെ വെറുതെ വിട്ടു.ശരണ്യയുടെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ ഉപ്പുവെള്ളത്തിന്റെ അംശം നിർണായക തെളിവായി. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ പേരില്‍ നിധിൻ കൊലപാതകത്തിന് നിർബന്ധിച്ചെന്ന് പറയാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ എന്നീ കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്നും കോടതി നിരീക്ഷിച്ചു.പ്രോസിക്യൂഷനെയും അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി വിമർശിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് തെളിവുകള്‍ ശേഖരിക്കുന്നതിലും പ്രോസിക്യൂഷന് കേസ് നടത്തിപ്പിലും വീഴ്ചയുണ്ടായെന്നും കോടതി വിലയിരുത്തി. കേസില്‍ തളിപ്പറമ്പ് അഡീഷനല്‍ സെഷൻസ് കോടതി വെള്ളിയാഴ്ച ശിക്ഷ വിധിക്കും.എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് . ’27 വയസ്സ് മാത്രമാണുള്ളതെന്നും സഹായിക്കാൻ ആരുമില്ലെന്നും ശരണ്യ പറഞ്ഞു. കോടതി ദയ കാണിക്കണമെന്നും യുവതി പറഞ്ഞു.2020 ഫെബ്രുവരി 17 നാണ് നാടിനെ നടുക്കിയ സംഭവം. ശരണ്യയുടെ പ്രണവിന്റെയും മകനായ വിയാൻ ആണ് കൊല്ലപ്പെട്ടത്. കടല്‍ത്തീരത്തെ പാറയില്‍ എറിഞ്ഞാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനുമായി ജീവിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റർ അകലെയുള്ള കടല്‍ ഭിത്തിയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആദ്യം പ്രണവിലേക്കായിരുന്നു സംശയം നീങ്ങിയത്. പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *