വാർത്തയുടെ പേരില്‍ മാധ്യമപ്രവർത്തകർക്കുമേല്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന് സുപ്രിംകോടതി. ദി വയർ എഡിറ്റർ സിദ്ധാർത്ഥ് വരദരാജന്റെയും ഫൗണ്ടേഷൻ ഓഫ് ഇൻഡിപെൻഡന്റ്‌സ് ജേർണലിസം അംഗങ്ങളുടെയും അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.ഒരു മാധ്യമപ്രവർത്തകന്റെ ലേഖനമോ വിഡിയോയോ എങ്ങിനെയാണ് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്നതെന്നും കോടതി ചോദിച്ചു.ഓപ്പറേഷൻ സിന്ദൂരില്‍ ഇന്ത്യൻ വ്യോമസേന വിമാനങ്ങള്‍ തകർന്നതായുള്ള വാർത്തകള്‍ക്കെതിരായ പരാതിയില്‍ അസം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസില്‍ സിദ്ധാർത്ഥ് വരദരാജനെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കി. മാധ്യമ റിപ്പോർട്ടുകള്‍ പ്രഥമദൃഷ്ട്യാ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയല്ലെന്നും ഈ പശ്ചാത്തലത്തില്‍ ബിഎൻഎസ് സെഷൻ 152 ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.വാർത്തകള്‍ തയ്യാറാക്കുന്നതിന്റേയോ വിഡിയോകള്‍ ചെയ്യുന്നതിന്റെയോ പേരില്‍ മാധ്യമപ്രവർത്തകർ കേസുകളില്‍ അകപ്പെടണോയെന്ന് കോടതി ചോദിച്ചു. ഒരു ലേഖനം എങ്ങനെയാണ് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും പെട്ടെന്ന് നടപടിയെടുക്കേണ്ട വിധത്തില്‍ ഭീഷണിയാകുന്നതെന്നും കോടതി ആരാഞ്ഞു.
വാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല: സുപ്രീം കോടതി
