ബാങ്ക് രേഖകള്‍ വ്യാജമായി ചമച്ചും വായ്പ തുക വകമാറ്റിയും 3.48 ലക്ഷം കുവൈത്ത് ദിനാർ തട്ടിയെടുത്ത കേസില്‍ പ്രതികളിലൊരാളെ കുവൈത്ത് അപ്പീല്‍ കോടതി വെറുതെ വിട്ടു.പ്രതിക്ക് ക്ലീൻ ചിറ്റ് നല്കിയ കീഴ്ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെക്കുകയായിരുന്നു. പ്രമുഖ അഭിഭാഷകൻ ഫാദില്‍ അല്‍ ബസ്മാൻ ആണ് കോടതിയില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായത്.ഔദ്യോഗിക രേഖകളും ബാങ്ക് രേഖകളും വ്യാജമായി നിർമ്മിച്ച് ഒമ്പത് പേർ ചേർന്ന് ബാങ്കിനെ കബളിപ്പിച്ച് ലോണ്‍ തുക തട്ടിയെടുത്തു എന്നാണ് കേസ്. ബാങ്ക് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ വായ്പ അനുമതിയും പണവും കൈക്കലാക്കിയത്. വെറുതെ വിട്ട പ്രതിക്കെതിരെ ഗൂഢാലോചന, വ്യാജരേഖകള്‍ ചമയ്ക്കാൻ സഹായിക്കല്‍, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാൻ ഇടനിലക്കാരനായി പ്രവർത്തിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ചുമത്തിയിരുന്നത്. എന്നാല്‍, പ്രതിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. കേസിലെ മറ്റ് പ്രതികള്‍ക്കെതിരെയുള്ള നിയമനടപടികള്‍ തുടരുകയാണ്.
ബാങ്ക് രേഖകള്‍ വ്യാജമായി ചമച്ച് 3.48 ലക്ഷം ദിനാര്‍ തട്ടിയെടുത്തു; പ്രതിയെ വെറുതെ വിട്ട് കുവൈത്ത് കോടതി, തെളിവുകളില്ലെന്ന് കണ്ടെത്തല്‍
