ഗര്‍ഭിണിയായ ജീവനക്കാരിക്ക് വര്‍ക്ക് ഫ്രം ഹോം നിഷേധിച്ച്‌ കമ്പനി, നവജാതശിശു മരിച്ച സംഭവത്തില്‍ 210.51 കോടി രൂപ നഷ്ടപരിഹാരം നല്‍കാൻ വിധിച്ച്‌ കോടതി

നവജാത ശിശുവിന്റെ മരണത്തെത്തുടർന്ന് ജീവനക്കാരിയായ അമ്മക്ക് 210.51 കോടി രൂപ നഷ്ടപരിഹാരം നല്‍കാൻ കമ്പനിയോട് ഉത്തരവിട്ട് കോടതി.ഉയർന്ന അപകടസാധ്യതയുള്ള ഗർഭകാലത്ത് സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ യുവതിക്ക് വര്‍ക്ക് ഫ്രം ഹോം നിഷേധിച്ചതിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിലാണ് കമ്പനിക്ക് പിഴ. അമേരിക്കയിലെ ഓഹായ്‌യോ കോടതിയാണ് ശിക്ഷ വിധിച്ചത്. നവജാത ശിശുവിന്റെ അകാല ജനനത്തിനും തുടർന്നുള്ള മരണത്തിനും കാരണം സ്വകാര്യ കമ്പനിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ.2021 ഫെബ്രുവരിയില്‍ തന്‍റെ ഗർഭകാലത്ത് മോശമായ ആരോഗ്യസ്ഥിതി മുൻനിർത്തി നേരത്തെയുള്ള പ്രസവം തടയുന്നതിനായി ജീവനക്കാരിയായ ചെല്‍സി വാല്‍ഷ് മെഡിക്കല്‍ ട്രീറ്റ്മെന്‍റിന് വിധേയയായി. ഇതേതുടർന്ന് ജോലി കുറക്കാനും വിശ്രമിക്കാനും വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാനും യുവതിയുടെ ഡോക്ടർമാർ നിർദേശിച്ചു.ഫെബ്രുവരി 15നാണ് യുവതി വർക്ക് ഫ്രം ഹോമിന് അഭ്യർഥിക്കുന്നത്. എന്നാല്‍ ജോലി ചെയ്തിരുന്ന കമ്പനിയായ ടോട്ടല്‍ ക്വാളിറ്റി ലോജിസ്റ്റിക്സ് (TQL) അഭ്യർഥന നിരസിക്കുകയായിരുന്നു. പകരം ഓഫിസില്‍ എത്തി ജോലി ചെയ്യാനും അല്ലെങ്കില്‍ ശമ്പളമില്ലാത്ത അവധി എടുക്കാനോ നിർദ്ദേശിച്ചു.ഏകദേശം 21 ആഴ്ച ഗർഭിണിയായിരുന്ന ചെല്‍സി വാല്‍ഷ് ഡോക്ടറുടെ ഉപദേശത്തിന് വിരുദ്ധമായി മൂന്ന് ദിവസം ഓഫിസില്‍ പോയി ജോലി ചെയ്തു. ഫെബ്രുവരി 24ന് കമ്പനി വർക്ക് ഫ്രം ഹോം അംഗീകരിച്ചെങ്കിലും, അതേ ദിവസം തന്നെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. അവർക്ക് ഒരു പെണ്‍കുട്ടി ജനിക്കുകയും നിർഭാഗ്യവശാല്‍ ഏകദേശം 90 മിനിറ്റിനുശേഷം കുട്ടി മരിക്കുകയും ചെയ്തു.വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള അഭ്യർഥന കമ്പനി നിരസിച്ചതാണ് കുട്ടിയുടെ മരണകാരണമെന്നാണ് യുവതിയുടെ അഭിഭാഷകൻ വാദിച്ചത്. 18 ആഴ്ചകള്‍ മുന്നേയാണ് കുഞ്ഞ് ജനിച്ചതെന്നും പരാതിയില്‍ പറയുന്നു. ചെല്‍സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹാമില്‍ട്ടണ്‍ കൗണ്ടിയിലെ ജൂറി കമ്പനിക്ക് 25 മില്യണ്‍ ഡോളറാണ് പിഴയായി വിധിച്ചത്.കമ്പനി വര്‍ക്ക് ഫ്രം ഹോം നിഷേധിച്ചത് തന്നെയാണ് നവജാത ശിശുവിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ജൂറി വിധിയില്‍ ചൂണ്ടിക്കാട്ടി. നവജാത ശിശുവിന്റെ മരണത്തിലെ 90 ശതമാനം ഉത്തരവാദിത്വം കമ്പനി ഏറ്റെടുക്കുമെന്ന് തീരുമാനിച്ചതിന് പിന്നാലെയാണ് അവസാന വിധിന്യായത്തില്‍ 22.5മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്.സിൻസിനാറ്റിക്ക് സമീപം ആസ്ഥാനമായുള്ള ടിക്യുഎല്‍, യുഎസിലെ ഏറ്റവും വലിയ ചരക്ക് ബ്രോക്കറേജ് സ്ഥാപനങ്ങളില്‍ ഒന്നാണെന്ന് എൻക്വയറർ റിപ്പോർട്ട് ചെയ്യുന്നു. സിൻസിനാറ്റി മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണിതെന്ന് പറയപ്പെടുന്നു, 9,000 ജീവനക്കാരും 6 ബില്യണ്‍ ഡോളറിലധികം വരുമാനവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *