സര്‍ക്കാര്‍ മരുന്ന് മറിച്ചുവിറ്റു; പ്രവാസി ഫാര്‍മസിസ്റ്റിന് കുവൈറ്റില്‍ 7 വര്‍ഷം കഠിനതടവും വൻ പിഴയും

സർക്കാർ ആശുപത്രിയില്‍ നിന്ന് മരുന്നുകള്‍ തട്ടിയെടുത്ത് മറിച്ചുവിറ്റ ഈജിപ്ഷ്യൻ ഫാർമസിസ്റ്റിനെ കുവൈറ്റ് അപ്പീല്‍ കോടതി ശിക്ഷിച്ചു.പൊതുമുതല്‍ ദുരുപയോഗം ചെയ്യുക, ഔദ്യോഗിക രേഖകളില്‍ തിരിമറി നടത്തുക എന്നീ കുറ്റങ്ങള്‍ക്കാണ് ഇയാള്‍ക്ക് ഏഴ് വർഷം കഠിനതടവ് വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. വളർച്ചാ ഹോർമോണുകള്‍, മാനസികരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ തുടങ്ങിയ വിലപിടിപ്പുള്ള മരുന്നുകളാണ് ഇയാള്‍ വ്യാജ കുറിപ്പടികള്‍ ഉണ്ടാക്കി കൈക്കലാക്കിയിരുന്നത്.ഏകദേശം 14,000 കുവൈറ്റി ദിനാർ (ഏകദേശം 38 ലക്ഷം രൂപ) വിലമതിക്കുന്ന മരുന്നുകളുടെ കുറവ് ആശുപത്രിയില്‍ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ ഓഡിറ്റിലാണ് കള്ളത്തരം പുറത്തായത്. ഈ മരുന്നുകള്‍ ഇയാള്‍ വ്യക്തിപരമായ സാമ്ബത്തിക ലാഭത്തിനായി പുറത്ത് വില്‍ക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.തടവ് ശിക്ഷയ്ക്ക് പുറമെ, തട്ടിയെടുത്ത തുകയുടെ ഇരട്ടിയായ 28,000 ദിനാർ (ഏകദേശം 76 ലക്ഷം രൂപ) പിഴയായും കോടതി വിധിച്ചു. ഇയാളെ സർക്കാർ ജോലിയില്‍ നിന്ന് ഉടനടി പിരിച്ചുവിടാനും ഉത്തരവായിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളിലെ അഴിമതിക്കും ക്രമക്കേടുകള്‍ക്കും എതിരെ കുവൈറ്റ് ഭരണകൂടം സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് ഈ വിധി.

Leave a Reply

Your email address will not be published. Required fields are marked *