നടപ്പാതയിലൂടെ പോയിരുന്നവരെ ഇടിച്ച് തെറിപ്പിച്ച മലയാളി യുവാവിനെ ബ്രിട്ടനിലെ ഡെർബി കോടതിയില്‍ ഹാജരാക്കി.മലയാളിയും 36കാരനുമായ സന്ധു പൊന്നച്ചൻ ഓടിച്ചിരുന്ന സ്വിഫ്റ്റ് കാർ ശനിയാഴ്ചയാണ് ഡെർബിയില്‍ നടപ്പാതയിലൂടെ പോയിരുന്നവരെ ഇടിച്ച് തെറിപ്പിച്ചത്. കോടതിയില്‍ തന്റെ പേരും വിവരവും മാത്രമാണ് സന്ധു പൊന്നച്ചൻ വിശദമാക്കിയത്. അപകടത്തേക്കുറിച്ചോ മറ്റ് വിവരങ്ങളേക്കുറിച്ചോ സന്ധു പൊന്നച്ചൻ കോടതിയില്‍ സംസാരിച്ചില്ല. ഡെർബിയിലെ അല്‍വാസ്റ്റണില്‍ താമസിച്ചിരുന്ന സന്ധു പൊന്നച്ചനെതിരെ വധശ്രമം ലക്ഷ്യമിട്ടുള്ള ആറ് ഗുരുതരമായ ശാരീരിക ഉപദ്രവങ്ങള്‍,ഒരു വധശ്രമത്തിനുള്ള ശ്രമം, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍, മൂർച്ചയുള്ള ആയുധം കൈവശം വെക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സന്ധു പൊന്നച്ചനെ കോടതി റിമാൻഡ് ചെയ്തു. ഏപ്രില്‍ 29നാണ് ഇയാളെ ഡെർബി ക്രൌണ്‍ കോടതിയില്‍ ഹാജരാക്കുക. അപകട സമയത്ത് കാർ ഓടിച്ചിരുന്നത് താനായിരുന്നുവെന്ന് സന്ധു പൊന്നച്ചൻ കോടതിയില്‍ വിശദമാക്കി.ശനിയാഴ്ച രാത്രിയായിരുന്നു കാല്‍നടക്കാരായ ഏഴ് പേരെയാണ് സന്ധു പൊന്നച്ചന്റെ കറുത്ത നിറത്തിലെ സ്വിഫ്റ്റ് കാർ ഇടിച്ച് തെറിപ്പിച്ചത്. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ പരിക്കേറ്റ 36നും 52നും ഇടയില്‍ പ്രായമുള്ള നാല് പുരുഷന്മാർക്കും മൂന്ന് സ്ത്രീകള്‍ക്കും ഗുരുതരമായ പരിക്കുകളുണ്ടെങ്കിലും ആരുടെയും നില നിലവില്‍ ജീവന് ഭീഷണിയുള്ളതല്ല. മൂന്ന് പേരെ ഇതിനകം ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയുണ്ടായ സംഭവം ഡെർബിയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. നഗരത്തിലെ ഫ്രിറാർ ഗേറ്റിനെ സമീപത്തെ പബ്ബിന് പുറത്ത് വച്ചാണ് മലയാളി കൂടിയായ സന്ധു പൊന്നച്ചന്റെ കാർ നിരവധിപ്പേരെ ഇടിച്ച് തെറിപ്പിച്ചത്. അപകടം നടന്ന് ഏഴ് മിനിറ്റിനുള്ളില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഡെർബിഷെയർ പൊലീസുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയാണെന്നും കോടതിയില്‍ കേസ് അവതരിപ്പിക്കാൻ ആവശ്യമായ മതിയായ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ക്രൗണ്‍ പ്രോസിക്യൂഷൻ സർവീസിലെ ജാനൈൻ മക്കിന്നി പറഞ്ഞു. ക്രിമിനല്‍ നടപടികളുമായി മുന്നോട്ട് പോകുന്നത് പൊതുതാല്‍പ്പര്യമുള്ള കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.സംഭവത്തിന് ശേഷം വധശ്രമത്തിന് അറസ്റ്റ് ചെയ്ത പ്രതിയെ ചൊവ്വാഴ്ച രാത്രി കുറ്റം ചുമത്തുന്നതുവരെ ചോദ്യം ചെയ്യുന്നതിനായി തടങ്കലില്‍ വെച്ചിരിക്കുകയായിരുന്നു. ഇതൊരു ഭീകരവാദ പ്രവർത്തനമല്ലെന്നും പൊതുജനങ്ങള്‍ക്ക് നിലവില്‍ മറ്റ് ഭീഷണികളൊന്നുമില്ലെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആശ്രിത വിസയില്‍ ബ്രിട്ടനിലെത്തിയ 36കാരൻ വിവാഹമോചനത്തിന് ശേഷം തനിച്ചായിരുന്നു താമസമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ബ്രിട്ടനില്‍ നടപ്പാതയിലുണ്ടായിരുന്നവരെ കാറിടിച്ച് തെറിപ്പിച്ച മലയാളി റിമാൻഡില്‍
